world

ആശങ്കകള്‍ക്ക് വിരാമം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി

By webdesk18

January 15, 2026

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്എക്‌സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്.

ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്തര മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിച്ചു. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.

2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്‌പേസ്എക്സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെ ഇവരോട് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്റെ മടക്കം.