kerala

മരിച്ചുവെന്ന് കരുതി എഫ്‌ഐആര്‍ ഇട്ടു; ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മരിച്ചു

By Lubna Sherin K P

October 31, 2024

ആലപ്പുഴയില്‍ മരിച്ചുവെന്ന് കരുതി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയ ആള്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 ന് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുന്ന റിയാസിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബന്ധു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തി.

ഇതിന് ശേഷം കൂടുതല്‍ പരിശോധനക്കായി ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് ഇരുട്ടുമുറിയില്‍ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആള്‍ കാലനക്കിയതായി കണ്ടത്. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ തുടര്‍ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ചികിത്സയിലിരിക്കെ ആറ് ദിവസങ്ങള്‍ക്ക് ശേഷം റിയാസ് മരിച്ചു. ഇതോടെ അസ്വാഭാവിക മരണത്തിന് നോര്‍ത്ത് പൊലീസ് പുതിയ എഫ് ഐ ആര്‍ രേഖപ്പെടുത്തി.