kerala

പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം

By webdesk18

February 14, 2025

തിരുവനന്തപുരം കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിലെ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിയെ ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചതായി കുടുംബം ആര്‍ഡിഒക്ക് പരാതി നല്‍കി. സ്‌കൂളിലെ പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ക്ലര്‍ക്കായ സനലുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ആളാണ് സനല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകന്‍ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെകുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിച്ചു. അതേസമയം, തര്‍ക്കം ഉണ്ടായ കാര്യം ബെന്‍സണ്‍ പറഞ്ഞിരുന്നതായും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സംഭവത്തില്‍ ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. VHSE ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല. കുടുംബത്തിന്റെ ആരോപണം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആര്‍ഡിഒ അറിയിച്ചു.