kerala

ആലപ്പുഴയില്‍ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം; ആരോഗ്യവകുപ്പ് ചികിത്സാപ്പിഴവ് സമ്മതിച്ചു

By webdesk17

April 03, 2025

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പിഴവ് സമ്മതിച്ചു. യുവതിക്ക് ആദ്യ മൂന്നുമാസം നല്‍കിയ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതില്‍ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി.

2024 നവംബര്‍ 8നാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. എന്നാല്‍ കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്.

ദമ്പതികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.