മലമ്പുഴ: മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. പീഡനവിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ സംസ്‌കൃത അധ്യാപകന്‍ അനില്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇയാള്‍ പലപ്പോഴായി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് കുട്ടികള്‍ വനിതാ പൊലീസ് സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയതെന്നും, അന്ന് മുതലുള്ള പശ്ചാത്തലം മലമ്പുഴ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ അന്വേഷണം വ്യാപിപ്പിച്ചു.
നേരത്തെ അഞ്ച് കുട്ടികള്‍ സിഡബ്ല്യുസിക്ക് മുമ്പാകെ സമാന മൊഴികള്‍ നല്‍കിയിരുന്നു. പുതുതായി മൊഴി നല്‍കിയ വിദ്യാര്‍ത്ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സിഡബ്ല്യുസി അറിയിച്ചു.