main stories

പാര്‍ലമെന്റില്‍ ഉത്തരംമുട്ടുന്ന സര്‍ക്കാര്‍

By webdesk18

December 10, 2025

രാജ്യം നേരിടുന്ന ഗുരുതരവിഷയങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ പാര്‍ലമെന്റിന്റെ വിലപ്പെട്ട നിമിഷങ്ങളെ വിവാദങ്ങളിലേക്ക് തള്ളിവിട്ട് ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഹിഡണ്‍ അജണ്ടക്ക് ശക്തമായ തിരിച്ചടികിട്ടിക്കൊണ്ടിരിക്കുന്നതിനാണ് ഇത്തവണത്തെ സമ്മേളനം സാക്ഷ്യംവഹിക്കുന്നത്. എം.പിമാരുടെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമൊന്നും കൃത്യമായി ഉത്തരം നല്‍കാതെ വാചാടോപങ്ങള്‍ക്കൊണ്ടും അംഗവിക്ഷേപങ്ങള്‍ക്കൊണ്ടും രക്ഷപ്പെടാറുള്ള പ്രധാനമന്ത്രിക്കും സംഘത്തിനും ഇത്തവണ അതിന് സാധിക്കുന്നില്ലെന്നുമാത്രമല്ല, പ്രതിപക്ഷത്തിന്റെ ക്യത്യമായ മുന്നൊരുക്കത്തോടെയുള്ള ആക്രമണങ്ങളില്‍ അടിപതറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതും. ഇതുവരെയുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത വന്ദേമാതരം, വോട്ട് ചോരി വിഷയങ്ങളില്‍ ഇത് കൃത്യമായി ബോധ്യമായിരിക്കുകയാണ്. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് പ്രധാനമന്ത്രിക്ക് സഭയില്‍ ലഭിച്ചത്. ചരിത്രത്തെ വളച്ചൊടിച്ച് അബദ്ധജടിലമായ പരാമര്‍ശവുമായായിരുന്നു മോദി കളംനിറഞ്ഞത്. സര്‍വേന്ത്യാ മുസ്‌ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് 1937 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു വന്ദേമാതരത്തിലെ ചില സുപ്രധാന വരികള്‍ ഒഴിവാക്കിയതെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് മുസ്‌ലിംലീഗ് ബന്ധത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിച്ച് ഐ.എന്‍.സി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ഇപ്പോള്‍ എം.എം.സി (മുസ്‌ലിംലീഗ് മാവോവാദി കോണ്‍ഗ്രസ്) ആയി മാറി എന്നുള്ള പതിവ് പരിഹാസ ശൈലിയും അദ്ദേഹം പുറത്തെടുക്കുകയുണ്ടായി. എന്നാല്‍ വയനാട്ടില്‍ നിന്നുള്ള അംഗംകൂടിയായ പ്രിയങ്കാ ഗാന്ധി ഉരുളക്കുപ്പേരി കണക്കെ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രിയുടെ എല്ലാ നുണപ്രചാരണങ്ങളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വന്ദേമാതരം ചര്‍ച്ച ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന്റെ കാരണം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്ന ആരോപണത്തോടെ സംസാരം തുടങ്ങിയ അവര്‍, മോദി നല്ല പ്രാസംഗികനാണ്, പക്ഷേ വസ്തുതകള്‍ പറയുന്നതില്‍ ദുര്‍ബലനാണെന്ന പരാമര്‍ശത്തോടെ അതേനാണയത്തിലാണ് മറുപടി നല്‍കിയത്. വര്‍ത്തമാന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനും ശ്രദ്ധതിരിക്കാനുമാണ് ഈ ചര്‍ച്ചയെന്നും പ്രിയങ്ക ആരോപിക്കുകയുണ്ടായി.

മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീറും ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ വാദമുഖങ്ങലിലെ വസ്തുതാവിരുദ്ധതയും തുറന്നുകാണിക്കുകയുണ്ടായി. തൊഴിലില്ലായ്മ, അവസര സമത്വം, വര്‍ഗീയ വിദ്വേഷങ്ങള്‍ തുടങ്ങി രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 1937 ഒക്ടോബര്‍ 26ന് രബീന്ദ്രനാഥ് ടാഗോര്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍, ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങള്‍ മാത്രം ആലപിക്കണമെന്നും, ആരെയും മുഴുവന്‍ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും തീരുമാനമുണ്ടായതായും പിന്നീട് ഡോ. രാജേന്ദ്ര പ്രസാദിന്റെ നേത്യത്വത്തില്‍ ഈ നിലപാട് അംഗീകരിക്കപ്പെടുകയും ഇന്നും അതേ രീതി പിന്തുടരുകയാണെന്നും വ്യക്തമാക്കുകയുണ്ടായി. ഇന്നലെ സര്‍ക്കാറിനെ പൊളിച്ചടുക്കുന്ന ഉത്തരവാദിത്തം പ്രതിപക്ഷ നേതാവാണ് ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, യൂണിവേഴ്‌സിറ്റികള്‍, നിയമ, അന്വേഷണ ഏജന്‍സികള്‍ തുടങ്ങി രാജ്യത്തെ സ്ഥാനപനങ്ങളെ മുഴുവന്‍ ആര്‍.എസ്.എസ് പിടിച്ചെടുക്കുകയാണെന്നും രാജ്യത്തിന്റെ ഘടനയെ മാറ്റുകയാണെന്നുമായിരുന്നു രാഹുലിന്റെ ഗുരുതര ആരോപണം. വോട്ട് മോഷണത്തേക്കാളും വലിയ രാജ്യ വിരുദ്ധ പ്രവര്‍ത്തനം വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജിയും പ്രധാനമന്ത്രിക്ക് കണക്കിന് കൊടുക്കുകയുണ്ടായി. ‘ബിഹാറില്‍ മോദി പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞു കയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞു കയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എ സ്.ഐ.ആര്‍ നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം മോദിയെ അനുകരിച്ചു കൊണ്ട് തന്നെയായിരുന്നു. കോണ്‍ഗ്രസ് അ ധ്യക്ഷന്‍ മല്ലിഗാര്‍ജ്ജുന ഖാര്‍ഗെയില്‍ നിന്നും പ്രധാനമ ന്ത്രിക്ക് കണക്കിന് കിട്ടി. നിസ്സഹകരണ സമരകാലത്ത് വന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത്ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും നിങ്ങള്‍ രാജ്യസ്‌നേഹത്തെ പേടിച്ച് ബ്രിട്ടിഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ് എന്ന ഓര്‍മപ്പെടുത്തലുമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഏതായാലും ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വിവാദ വിഷയങ്ങള്‍ക്ക് പിന്നാലെ പോയ സര്‍ക്കാറിന് അവിടെയും രക്ഷപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിനാണ് ഈ സമ്മേളനം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.