kerala

ആനത്തലവട്ടം ആനന്ദൻ തൊഴിലാളികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവ്: പി.എം.എ സലാം

By webdesk13

October 05, 2023

കോഴിക്കോട്: തൊഴിലാളികൾക്ക് വേണ്ടി ജീവിതം സമർപ്പിക്കുകയും മാന്യമായ രാഷ്ട്രീയത്തിലൂടെ ജനശ്രദ്ധ നേടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അന്തരിച്ച സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൂന്ന് തവണ എം.എൽ.എയായി നല്ലൊരു നിയമസഭാ സാമാജികൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു.

അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കുന്ന കാലത്ത് ആ വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരോടും ഇടപഴകാനും ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹം താൽപര്യം കാണിച്ചിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ പ്രത്യേകമായ മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

ചെറുപ്പം മുതലേ തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചതിന്റെ പരിചയമാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ സാർത്ഥകമാക്കിയത്.- പി.എം.എ സലാം പറഞ്ഞു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.