kerala

അനന്തുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ RSS പ്രവര്‍ത്തകന്‍ ഒളിവിലെന്ന് സൂചന

By webdesk17

October 16, 2025

ആര്‍എസ്എസിനെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയും ആരോപണമുന്നയിച്ചശേഷം ജീവനൊടുക്കിയ അനന്തുവിന്റെ വിഡിയോയില്‍ പേര് വെളിപ്പെടുത്തിയ നിധീഷ് മുരളീധരനെ വിശദമായി ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. എന്നാല്‍, ഇയാള്‍ ഒളിവില്‍പോയതായാണ് വിവരം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇയാളെ പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും ആ വകുപ്പ് നിലനില്‍ക്കില്ലെന്ന നിയമോപദേശം.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എന്‍.എം എന്ന വ്യക്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു, എന്നാല്‍ ഇന്നലെ പുറത്തു വന്ന വീഡിയോയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നിധീഷ് മുരളീധരന്‍ എന്ന കണ്ണന്‍ ചേട്ടനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് അനന്തു വ്യക്തമാക്കിയിരുന്നു.

എന്‍.എം എന്ന സൂചനയില്‍നിന്ന് പൊലീസ് നിതീഷിനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം നിധീഷ് അന്ന് പൊലീസിനോട് നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം അനന്തുവിന്റെ മരണമൊഴിയെന്ന പേരില്‍ വിഡിയോ പുറത്തുവരുകയും അതില്‍ ലൈംഗികമായി ചൂഷണംചെയ്ത ആളിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തതോടെ നിധീഷിന് കുരുക്ക് മുറുകുകയായിരുന്നു.

കഴിഞ്ഞ ദിവസം അനന്തുവിന്റെ മാതാവിന്റെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിലും നിധീഷിനെക്കുറിച്ച് വിവരങ്ങളുണ്ടെന്നാണ് വിവരം. സംഭവത്തില്‍ കുടുംബം നേരിട്ട് ഇപ്പോഴും പരാതി നല്‍കിയിട്ടില്ല. വിഷയത്തില്‍ ആര്‍എസ്എസ് നേതൃത്വം പരസ്യപ്രതികരണത്തിന് ഇതുവരെ തയാറായിട്ടില്ല.

അനന്തുവിന്റെ പിതാവ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് സൂചന. ആര്‍എസ്എസിനും പ്രവര്‍ത്തകനുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയശേഷമാണ് അനന്തു തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.