GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

By webdesk18

November 14, 2025

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച് പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു