ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ അമിതമായ വെറുപ്പോ ദേഷ്യമോ തോന്നുന്നുണ്ടോ? ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, ശ്വാസമെടുക്കൽ, വിരൽ ഞൊട്ടൽ, പേന ക്ലിക്ക് ചെയ്യുന്നത്, കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം, ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, വെള്ളം ഇറ്റിറ്റു വീഴുന്നത് തുടങ്ങിയ സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായി തോന്നുന്നവർക്ക് മിസോഫോണിയ (Misophonia) എന്ന അവസ്ഥ ഉണ്ടാകാം.
‘ശബ്ദത്തോടുള്ള വിദ്വേഷം’ എന്ന പേരിലും അറിയപ്പെടുന്ന മിസോഫോണിയ ഒരു കേൾവി രോഗമല്ല. മറിച്ച്, തലച്ചോർ ചില ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട മാനസിക-നാഡീ അവസ്ഥയാണ്. പലപ്പോഴും മനുഷ്യർ ഉണ്ടാക്കുന്ന ചെറിയ ശബ്ദങ്ങളാണ് ഇതിന് കാരണമാകുന്നത്. പുറമേ കാണുന്നവർക്ക് വിചിത്രമായി തോന്നാവുന്ന ഇത്തരം പ്രതികരണങ്ങൾ ചിലർക്കു നിയന്ത്രണാതീതമാകാറുമുണ്ട്.
ഗവേഷണങ്ങൾ പ്രകാരം, ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലും സ്ത്രീകളിലുമാണ് മിസോഫോണിയയുടെ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മിക്കവരിലും 9 മുതൽ 13 വയസിനുള്ളിലാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തുടങ്ങുന്നത്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾ ഇതിന് ഒരു കാരണമാകാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘കറന്റ് ബയോളജി’ എന്ന ശാസ്ത്രീയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, നാഡീവ്യൂഹം വഴി തലച്ചോറിലെത്തുന്ന ചില ആന്തരിക പ്രേരണകളാണ് മിസോഫോണിയയെ ഉണർത്തുന്നത്.
പ്രധാന ലക്ഷണങ്ങൾ: ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയയുള്ളവരിൽ വൈകാരികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാകാം. പെട്ടെന്നുള്ള ദേഷ്യം, അറപ്പും വെറുപ്പും, നെഞ്ചിടിപ്പ് കൂടുക, വിയർപ്പ്, പേശികൾ മുറുകുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങൾ ഇതിൽപ്പെടുന്നു. ശബ്ദം കേൾക്കുന്ന സാഹചര്യത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന തോന്നലും സാധാരണമാണ്.
എന്തുകൊണ്ട് സംഭവിക്കുന്നു? മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എന്നാൽ, വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളും കേൾവിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും തമ്മിലുള്ള അമിതമായ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ആന്റീരിയർ ഇൻസുലാർ കോർട്ടക്സ് എന്ന തലച്ചോർ ഭാഗം ഇത്തരം ശബ്ദങ്ങളോട് അതിവേഗം പ്രതികരിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം.
മിസോഫോണിയ പൂര്‍ണമായി മാറ്റാനുള്ള മരുന്നുകൾ നിലവിലില്ലെങ്കിലും, ഇത് നിയന്ത്രിക്കാൻ വഴികളുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലെങ്കിൽ വൈറ്റ് നോയിസ് ഉപയോഗിക്കുന്ന സൗണ്ട് തെറാപ്പി, ചിന്താഗതികളിൽ മാറ്റം വരുത്തുന്ന കൗൺസിലിങ് (CBT), ഇയർപ്ലഗ്ഗുകൾ അല്ലെങ്കിൽ ഹെഡ്ഫോണുകൾ ഉപയോഗിച്ച് ശബ്ദം കുറയ്ക്കൽ, മതിയായ ഉറക്കം, വ്യായാമം, ധ്യാനം എന്നിവ വഴി സമ്മർദ്ദം കുറയ്ക്കൽ എന്നിവ സഹായകരമാണ്.
ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നവർ ഓഡിയോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് കൃത്യമായ ഉപദേശം തേടുന്നത് ഉചിതമാണെന്ന് വിദഗ്ധർ പറയുന്നു.