Health

തുടർക്കഥയാകുന്ന ജന്തുജന്യ രോഗങ്ങൾ: എന്തുകൊണ്ട് കേരളം ഒരു ‘ഹോട്ട്‌സ്‌പോട്ട്’ ആകുന്നു?

By webdesk14

July 06, 2026

സമീപകാലത്തായി കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചാൽ, കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചെത്തുന്ന ജന്തുജന്യ പകർച്ചവ്യാധികളാണെന്ന് പറയേണ്ടിവരും. നിപയുടെ ആവർത്തനവും, നിപ, എലിപ്പനി, പക്ഷിപ്പനി, സ്ക്രബ് ടൈഫസ്, വെസ്റ്റ് നൈൽ പനി തുടങ്ങി മലയോര മേഖലകളിൽ ഭീതി വിതയ്ക്കുന്ന കുരങ്ങുപനിയും വരെ കേരളത്തിന്റെ പൊതുജനാരോഗ്യ ഭൂപടത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് ഇതൊരു അതിജീവനത്തിനായുള്ള തീവ്രമായ ജാഗ്രതാ നിർദേശമാണ്.

1885 ജൂലൈ 6-ന് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ പേവിഷബാധയ്‌ക്കെതിരെയുള്ള (Rabies) ആദ്യ വാക്‌സിൻ വിജയകരമായി പരീക്ഷണവിധേയമാക്കിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം ലോക ജന്തുജന്യ രോഗദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം.മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് ‘സൂനോട്ടിക് രോഗങ്ങൾ’ എന്ന് പറയുന്നത്. ഇതിലെ രോഗകാരികൾ വൈറസോ , ബാക്ടീരിയോ , പരാദങ്ങളോ ആയേക്കാം.  ഇന്ന് മനുഷ്യരിൽ കാണപ്പെടുന്ന പകർച്ചവ്യാധികളിൽ 60 ശതമാനവും പുതുതായി രൂപപ്പെടുന്ന മാരക രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന മാതൃകയും ഉയർന്ന സാക്ഷരതയുമുള്ള കേരളം എന്തുകൊണ്ടാണ് പുതിയ ജന്തുജന്യ രോഗങ്ങളുടെ കാര്യത്തിൽ ഇത്രയധികം ഭീഷണി നേരിടുന്ന ഒരു ‘ഹോട്ട്‌സ്‌പോട്ട്’ ആയി മാറുന്നത്? പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ വരുന്ന മാറ്റങ്ങളും കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇതിന് പിന്നിലുണ്ടെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിൽ മാറിവരുന്ന രോഗങ്ങളെക്കുറിച്ചുള്ള അറിവ് ആരോഗ്യ സുരക്ഷയ്ക്ക് അനിവാര്യമായിരിക്കുന്നു.

അവഗണിക്കരുത് ഈ പ്രാരംഭ ലക്ഷണങ്ങൾ

മൃഗങ്ങളിൽ നിന്ന് പകരുന്ന പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയുടേതിന് സമാനമാണ്. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഫാർമസിയിൽ നിന്ന് ഗുളിക വാങ്ങി സ്വയം ചികിത്സിക്കാതെ ഉടനടി ഒരു ഡോക്ടറെ കാണുക:

>> പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും കഠിനമായ വിറയലും.

>> വിട്ടുമാറാത്ത തലവേദന, കഴുത്ത് വേദന, വിഭ്രാന്തി അല്ലെങ്കിൽ അബോധാവസ്ഥ (നിപ പോലുള്ള മസ്തിഷ്ക ജ്വരങ്ങളുടെ ലക്ഷണം).

>> കാൽമുട്ടിന് താഴെയുള്ള പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കഠിനമായ വേദന (എലിപ്പനിയുടെ പ്രധാന ലക്ഷണം).

>> കടുത്ത ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ.

>> ചർമ്മത്തിൽ കാണപ്പെടുന്ന മാറ്റങ്ങൾ അതായത്  തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പുകൾ, കറുത്ത പാടുകൾ അല്ലെങ്കിൽ ചെറിയ വ്രണങ്ങൾ (ചെള്ള് പനിയുടെ ലക്ഷണം).

എന്തുകൊണ്ടാണ് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത്?

അപകടസാധ്യതകളും കാരണങ്ങളും

കേരളത്തെ ജന്തുജന്യ രോഗങ്ങളുടെ ഒരു പ്രധാന കേന്ദ്രമാക്കി (ഹോട്ട്‌സ്‌പോട്ട്) മാറ്റുന്നതിൽ നമ്മുടെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ചില പ്രത്യേകതകൾക്ക് വലിയ പങ്കുണ്ട്. പ്രധാനപ്പെട്ട കാരണങ്ങൾ താഴെ പറയുന്നവയാണ്:

>> കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും: കേരളത്തിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന അതിതീവ്ര മഴയും പ്രളയസമാനമായ സാഹചര്യങ്ങളും ജന്തുജന്യ രോഗങ്ങളുടെ വ്യാപനത്തിന് ആക്കം കൂട്ടുന്നുണ്ട്. വെള്ളക്കെട്ടുകളും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയും എലിപ്പനി (Leptospirosis) വ്യാപകമായി പടരുന്നതിന് കാരണമാകുന്നു. ഇതിനുപുറമെ, കൊതുകുകൾ, ചെള്ളുകൾ തുടങ്ങിയ രോഗവാഹകർ അതിവേഗം പെരുകുന്നതിനും ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

>> വളർത്തുമൃഗ പരിപാലനത്തിലെ അശാസ്ത്രീയത: നായ, പൂച്ച തുടങ്ങിയ അരുമകളെയും കന്നുകാലികളെയും വീടുകളോട് ചേർന്ന് പരിപാലിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ഇവയ്ക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകാതിരിക്കുന്നതും, അസുഖം വന്നാൽ വിദഗ്ദ്ധ ചികിത്സ തേടാതിരിക്കുന്നതും വലിയ ആരോഗ്യപ്രതിസന്ധിക്ക് വഴിവെക്കുന്നു.

>> ആഗോള സമ്പർക്കവും വിനോദസഞ്ചാരവും: ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ളതും, വിദേശ വിനോദസഞ്ചാരികൾ എത്തുന്നതുമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ ഉയർന്ന ആഗോള സമ്പർക്കം കാരണം കേരളം ഒരു ഹോട്ട്സ്പോട്ടാക്കുന്നതിന് കാരണമാകുന്നു

മുൻകൂട്ടിയുള്ള പരിശോധന ജീവൻ രക്ഷിക്കും

ജന്തുജന്യ രോഗങ്ങളുടെ ചികിത്സയിൽ സമയം എന്നത് ജീവന്റെ വിലയുള്ളതാണ്. നിപ പോലുള്ള രോഗങ്ങൾക്ക് മരണനിരക്ക് വളരെ കൂടുതലാണ്. പനിയുള്ളപ്പോൾ മൃഗങ്ങളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം പരിശോധിക്കുന്ന ഡോക്ടറോട് മറച്ചുവെക്കരുത്. നിലവിൽ കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പോലുള്ള അത്യാധുനിക ലാബുകൾ ഉള്ളതിനാൽ രോഗനിർണ്ണയം  വേഗത്തിൽ സാധ്യമാണ്.

സുരക്ഷിതമായ ജീവിതശൈലിയിലേക്ക്

 മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഒന്നാണെന്ന നയമാണ് നാം ഇനി പിന്തുടരേണ്ടത്. ഈ ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുക:

>> പക്ഷികളോ വവ്വാലുകളോ കടിച്ചതോ നിലത്തുവീണതോ ആയ പഴങ്ങൾ ഒരിക്കലും കഴിക്കരുത്.

>> മാംസവും മുട്ടയും ഉയർന്ന താപനിലയിൽ നന്നായി വേവിച്ചു മാത്രം കഴിക്കുക.

>> വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് കൃത്യമായ വാക്സിനേഷൻ ഉറപ്പാക്കുക. കാട്ടുക്കുരങ്ങുകൾ, പന്നികൾ തുടങ്ങിയ വന്യമൃഗങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.

>> മണ്ണിലും മലിനജലത്തിലും തൊഴിലെടുക്കുന്നവർ നിർബന്ധമായും പ്രധിരോധത്തിനായി ഗ്ലൗസും ബൂട്സും ധരിക്കുക. ആരോഗ്യവകുപ്പ് നൽകുന്ന പ്രതിരോധ ഗുളികകൾ (Doxycycline) കൃത്യമായി കഴിക്കുക.

പരിഭ്രാന്തിയല്ല, കൃത്യമായ അറിവും ജാഗ്രതയുമാണ് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള നമ്മുടെ ഏറ്റവും വലിയ ആയുധം.