കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണു കൊല്ലപ്പെട്ടത്. സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഈ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ശിവന്റെ സഹോദരന്‍ ബാബുവാണ് കൊല നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട ഇയാളെ കൊരട്ടിയില്‍നിന്നു പൊലീസ് പിടികൂടി. പൊലീസില്‍ കീഴടങ്ങാന്‍ പോകുന്നു എന്നു പറഞ്ഞ് വിളിച്ചുപറഞ്ഞ് ബൈക്കില്‍ പാഞ്ഞ ശിവന്‍ പക്ഷേ കീഴടങ്ങാതെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൊരട്ടിയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്. അതേസമയം കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തില്‍ ബാബു ആത്മഹത്യാശ്രമം നടത്തിയതായി അഭ്യൂഹമുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ശിവന്റെ വീട്ടിലെത്തിയ ബാബു ആക്രമണം നടത്തുകയായിരുന്നുവെന്നാണു വിവരം. ശിവന്റെ അഞ്ച് സഹോദരങ്ങള്‍ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. ശിവനെ ആക്രമിക്കുന്നത് കണ്ട് അത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മകള്‍ക്കും വെട്ടേറ്റത്. ഇരു കുടുംബങ്ങളും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.