കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് ഒരു തൊഴിലാളിക്ക് പരുക്ക്. പൊളിച്ചുകളഞ്ഞ പഴയ ശുചിമുറിയുടെ ഭാഗമായ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. ഒഡീഷാ സ്വദേശിയായ തൊഴിലാളിക്കാണ് പരുക്കേറ്റത്. നിര്‍മാണത്തിനിടെ പാരപ്പറ്റിന് മുകളിലേക്ക് കയറിയ സമയത്താണ് കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്നു വീണത്.
പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ ക്യാഷ്വാലിറ്റി വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കി. അപകടം നടന്നത് മുന്‍പ് കോണ്‍ക്രീറ്റ് തകര്‍ന്ന് ബിന്ദു എന്ന യുവതി മരിച്ച അതേ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇതേ കെട്ടിടത്തില്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗുരുതര ആശങ്കകളാണ് ഉയരുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും, സമഗ്ര പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.