കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണതാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നുവെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിയില്‍ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശി അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.