ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുബ്ബള്ളി റൂറല്‍ താലൂക്കിലെ ഇനാംവീരപൂര്‍ സ്വദേശിനിയായ 19കാരി മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം ഇനാംവീരപൂരില്‍ വെച്ചാണ് സംഭവം. പൈപ്പ് അടക്കമുള്ള കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുപയോഗിച്ചാണ് മാന്യതയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് മാസത്തിലാണ് കുടുംബത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് മാന്യത പാട്ടീല്‍ തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചത്.
ജീവന് ഭീഷണി നിലനിന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ കുറേക്കാലം ഹവേരിയില്‍ താമസിച്ചിരുന്നുവെന്നും ഈ മാസം ആദ്യം മാത്രമാണ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം ആദ്യം കൃഷിയിടത്തില്‍ വെച്ച് യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു. പിന്നാലെ മാന്യത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അവളെയും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ആക്രമിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുമാസം ഗര്‍ഭിണിയായ യുവതിയാണ് പിന്നീട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്യതയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. വീണ്ടും നടന്ന ദുരഭിമാനക്കൊല രാജ്യമാകെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.