News

ലുസൈലില്‍ വീണ്ടും ചരിത്ര നിമിഷം; മെസിയും യമാലും നേര്‍ക്കുനേര്‍ 

By webdesk18

December 19, 2025

ദോഹ: ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2022 ലോകകപ്പില്‍ അര്‍ജന്റീനക്കായി ലയണല്‍ മെസി കിരീടം ഉയര്‍ത്തിയ ഈ സ്റ്റേഡിയം, വീണ്ടും ഒരു മഹാമത്സരത്തിന് സാക്ഷിയാകുകയാണ്.

2026 മാര്‍ച്ച് 27ന് നടക്കുന്ന ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും തമ്മിലാണ് ഏറ്റുമുട്ടല്‍. 2022ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ വേദിയില്‍ വീണ്ടും നീലക്കുപ്പായക്കാര്‍ കിരീടം മുത്തമിടുമോ, അതോ മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലിന്റെ നേതൃത്വത്തില്‍ സ്‌പെയിന്‍ കിരീടം സ്വന്തമാക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ വലിയ കൗതുകം.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും യുവതാരം ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരം എന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022ന് മുമ്പ് നടന്ന അവസാന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന തകര്‍ത്തിരുന്നു.

ലുസൈല്‍ സ്റ്റേഡിയത്തില്‍ വീണ്ടും ഒരു ചരിത്ര നിമിഷം പിറക്കുമോ എന്ന ആകാംക്ഷയിലാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍.