india

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായ ദലിത് യുവാവിനെ വെട്ടിക്കൊന്നു

By webdesk18

July 29, 2025

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് ദമ്പതികളുടെ മകന്‍ പിടിയില്‍. ഇതരജാതിയില്‍പ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.

പൊലീസ് ദമ്പതികളുടെ മകളും ദലിത് യുവാവും സഹപാഠികളായിരുന്നു. കവിന്‍ ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിലും, യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കില്‍ കണ്‍സള്‍ട്ടന്റായും ജോലി ചെയ്യുകയാണ്. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇരുവരും തമ്മില്‍ വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കവിനൊട് പ്രതിയായ സുര്‍ജിത്ത് മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കവിന്‍ സുര്‍ജിത്തിന്റെ ഇരുചക്രവാഹനത്തില്‍ അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുര്‍ജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ പൊലീസ് സ്ഥലത്തെത്തി സുര്‍ജിത്തിനെ പിടികൂടുകയായിരുന്നു. കവിന്‍ സഹോദരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ കൊലപാതകം ചെയ്‌തെന്നാണ് സുര്‍ജിത്ത് മൊഴി നല്‍കിയത്. അതേസമയം, കവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പ്രതികള്‍ പൊലീസുകാരായതിനാല്‍ കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിന്റെ കുടുംബം ആരോപിച്ചു.