kerala

റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്

By webdesk18

August 25, 2025

റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമക്കേസ്. ബലാത്സംഗകുറ്റം ചുമത്തി ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അതേസമയം, കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച വിധി പറയാന്‍ മാറ്റി.

വേടനെതിരെ നിലവിലെ കേസിന് പുറമേ വീണ്ടുമൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്‌തെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വേടനെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന പരാതിക്കാരിയുടെ വാദത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്നതുമാത്രം അടിസ്ഥാനമാക്കി വിഷയത്തെ കാണാന്‍ ആകില്ലെന്ന് കോടതി പ്രതികരിച്ചു.

കോടതിക്ക് മുമ്പില്‍ തെളിവുകളും വസ്തുതകളും ആണ് വേണ്ടത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് പിന്നീട് പീഡനക്കേസ് ആകുന്നതെന്നും കോടതി ആവര്‍ത്തിച്ചു. യുവ ഡോക്ടറെ പീഡിപ്പിചെന്ന പരാതിയില്‍, തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹരജി ബുധനാഴ്ച വിധി പറയാന്‍ മാറ്റി.