kerala

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസ്സം; ആറാം വളവില്‍ ലോറി കുടുങ്ങി

By webdesk18

November 12, 2025

താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യന്ത്രതകരാറിനെ തുടര്‍ന്ന് ലോറി വഴിമദ്ധ്യേ കുടുങ്ങിയത്. ഇതോടെ ചുരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം നീങ്ങാതെ പെട്ടുപോയി. ലോറിയെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹൈവേ പൊലീസ് സംഘവും ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്തെത്തി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ഇപ്പോള്‍ റോഡിന്റെ ഒരു വശത്ത് കൂടി കടത്തിവിടാനുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചേരുന്നത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ ഞായറാഴ്ചയും ഇവിടെ ലോറികള്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ആറാം വളവിലും ഏഴാം വളവിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്നായിരുന്നു ലോറി കുടുങ്ങിയത്. ഈ ആഴ്ചക്കുള്ളില്‍ മൂന്നാം തവണയാണ് താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.