മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ വക്താവും ന്യൂനപക്ഷ നേതാവുമായ നസിയ ഇലാഹി ഖാനെതിരെ കേസെടുത്തു. ബെളഗാവി മാരിഹാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജനുവരി 19ന് സുലേഭാവിയില്‍ ഹിന്ദു പ്രവര്‍ത്തകര്‍ പങ്കെടുത്ത ‘ബതെംഗെ ടു കതെംഗെ’ എന്ന പരിപാടിയിലാണ് നസിയ ഖാന്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. ബിജെപി നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി മുസ്‌ലിം സമുദായക്കാര്‍ മാരിഹാല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
പിന്നാലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചതിനും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 302 പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ ഹിന്ദു ഗ്രൂപ്പായ ചേതന സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ മറ്റൊരു വിദ്വേഷ പ്രസ്താവന നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.