തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇതോടെ ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. കേസിലെ ഒന്നാം പ്രതിക്കും കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ നിയമവ്യവസ്ഥ പ്രകാരം ഇനി ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈല്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.
പൊതുസേവകനെന്ന നിലയിലെ നിയമലംഘനം, ഐ.പി.സി 409 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന), ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഐ.പി.സി 34 (പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യല്‍) എന്നീ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായിരുന്ന ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി.