ദുബൈ: വിരാട് കോലിയുടെ മോശം പ്രകടനത്തിന് ഭാര്യ അനുഷ്‌കയെ തമാശ രൂപേണ പഴി പറഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ വിവാദത്തില്‍. പരാമര്‍ശത്തിനെതിരെ അനുഷ്‌ക ശര്‍മ തന്നെ രംഗത്തു വന്നു. തങ്ങള്‍ കുറച്ചു കൂടി ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ പ്രതികരണം.

‘ മിസ്റ്റര്‍ ഗാവസ്‌കര്‍, താങ്കളുടെ പരാമര്‍ശം അപമാനകരമാണ് എന്നത് വസ്തുതയാണ്. ഭര്‍ത്താവിന്റെ പ്രകടനം മോശമായതിന് ഭാര്യയ്‌ക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്തുകൊണ്ടാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇക്കാലമത്രയും കമന്ററി ജീവിതത്തില്‍ താങ്കള്‍ മറ്റു ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതേ ബഹുമാനം ഞാനും ഞങ്ങളും അര്‍ഹിക്കുന്നില്ലന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?’ – എന്നായിരുന്നു അവരുടെ പ്രതികരണം.

‘ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ മറ്റനേകം വാക്കുകളും വാചകങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നു. അതോ, താങ്കളുടെ കമന്ററിയിലേക്ക് എന്റെ പേരുകൂടി വലിച്ചിഴച്ചെങ്കില്‍ മാത്രമേ അതിന് പ്രസക്തിയുള്ളെന്ന് കരുതുന്നുണ്ടോ?
2020 ആയിട്ടും ഇക്കാര്യത്തില്‍ യാതൊരു വ്യത്യാസവും സംഭവിച്ചില്ലല്ലോ എന്നാണ് വിസ്മയകരം. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതും ഇത്തരം മോശം പരാമര്‍ശങ്ങള്‍ക്കും ഇരയാക്കുന്നതും എന്ന് അവസാനിക്കും?’ – ്അവര്‍ ചോദിച്ചു.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ നല്‍കിയ രണ്ടു ക്യാച്ചുകള്‍ കോലി നിലത്തിടുകയും ചെയ്തിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് കോലി അനുഷ്‌ക ശര്‍മ്മയുടെ ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ എന്നായിരുന്നു ഗവാസ്‌കറുടെ കമന്റ്. നേരത്തെ, ലോക്ക്ഡൗണിനിടെ കോലിയും അനുഷ്‌കയും ഫഌറ്റില്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു.