മുംബൈ: തന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഭര്‍ത്താവ് കോഹ്‌ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് അനുഷ്‌ക ചോദിച്ചു. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ താരം സുനില്‍ ഗവാസ്‌കറിനെതിരെയും താരം രൂക്ഷമായി പ്രതികരിച്ചു. ഇന്‍സ്റ്റഗ്രമിലാണ് താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലി മോശപ്പെട്ട പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. രണ്ടു ക്യാച്ചുകള്‍ കളഞ്ഞുകുളിക്കുകയും അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം നേടി പുറത്താവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കമന്റേറ്ററായ ഗവാസ്‌കര്‍ കോഹ്‌ലിയെ പരിഹസിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുടെ ബൗളിങ്ങുകള്‍ മാത്രമാണ് കോഹ്‌ലി നേരിട്ടതെന്നായിരുന്നു ഗവാസ്‌കറിന്റെ പരിഹാസം. കഴിഞ്ഞ മെയിയില്‍ പുറത്തുവന്ന ഒരു വീഡിയോയെ ആധാരമാക്കിയായിരുന്നു ഗവാസ്‌കറിന്റെ ഈ പരാമര്‍ശം.

ഗവാസ്‌കറിന്റെ വാക്കുകള്‍ ഏറെ അരോചകമാണെന്ന് അനുഷ്‌ക ശര്‍മ പ്രതികരിച്ചു. ഭര്‍ത്താവിന്റെ കളിയെ പറ്റി പറയാന്‍ വേണ്ടി തനിക്കെതിരെ പ്രസ്താവന നടത്തിയതിന്റെ വിശദീകരണം താങ്കള്‍ നല്‍കുമെന്ന് കരുതുന്നുവെന്നും അനുഷ്‌ക പ്രതികരിച്ചു. കളിയെ കുറിച്ചു പറയുമ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നത് നല്ലതല്ലെന്ന് പരാമര്‍ശവും താരം നടത്തി. ‘താങ്കള്‍ അങ്ങനെ ചെയ്യില്ല, കളിക്കാരുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് താങ്കളെന്ന് എനിക്കുറപ്പുണ്ട്. ആ ബഹുമാനം എനിക്കും നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ’-അനുഷ്‌ക ചോദിച്ചു.

ഭര്‍ത്താവിന്റെ കളിയെ കുറിച്ച് പറയാന്‍ താങ്കളുടെ മനസില്‍ മറ്റു പല കാര്യങ്ങളും വന്നിട്ടുണ്ടാകാം, പക്ഷേ, എന്റെ പേര് പറഞ്ഞാല്‍ മാത്രമാണോ അവക്ക് പ്രസക്തിയുണ്ടാവുക? അനുഷ്‌ക ചോദിക്കുന്നു. തനിക്കെതിരെയുള്ള അത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും അനുഷ്‌ക പറഞ്ഞു.