ആരാധകരുടെ കാത്തിരിപ്പൊനൊടുവില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഇന്നലെ വിവാഹിതരായി. 2013 മുതല്‍ ആരംഭിച്ച ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് തകര്‍ച്ചയിലേക്കും വഴിമാറിയത് ഒരു കാലത്ത് വാര്‍ത്തയായിരുന്നു. വിവാഹവുമായുള്ള വിരാടിന്റെ തീരുമാനങ്ങള്‍ തകര്‍ച്ചയിലേക്കെത്തിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും അനുഷകയെ വിരാട് അണ്‍ഫോളോ ചെയ്തു. വിരാടിന്റെ ‘ഹാര്‍ട്ട് ബ്രോക്കണ്‍’ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഡിലീറ്റ് ചെയ്തും അപ്ലോഡ് ചെയ്തും പ്രതികരണവുമായി വിരാട് രംഗത്തെത്തി. ഒരുമിച്ചെത്തിയിരുന്ന വേദികളിലെല്ലാം വിരാട് തനിച്ചെത്താന്‍ തുടങ്ങി. നടന്‍ അങ്കാത് ബേദിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ ‘ഐയാം സിംഗിളായി’ കോഹ്ലി നൃത്തച്ചുവടുകള്‍വെച്ചു. ഒടുവില്‍ കുറ്റസമ്മതം നടത്തി കോഹ്ലി അനുഷ്‌കക്കൊപ്പം വീണ്ടുമെത്തി. വീണ്ടും വേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് വിവാഹവാര്‍ത്ത പ്രചരിക്കാന്‍ ഇടയാക്കുകയായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇരുകുടുംബങ്ങളും ഇറ്റലിയിലേക്ക് പറക്കുന്നു. ടസ്‌നിയില്‍വെച്ച് ഇന്നലെ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ വിരാട് അനുഷ്‌കക്ക് താലിചാര്‍ത്തി. സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ താരങ്ങള്‍ക്ക് ആശംസകളുമായെത്തി.

ഡല്‍ഹി ഉത്തം നഗര്‍ സ്വദേശിയാണ് വിരാട് കോഹ്ലി. പ്രേംകോഹ്ലിയുടേയും സരോജയുടേയും മകനാണ്. ഉത്തര്‍പ്രദേശിലെ അയോധ്യ സ്വദേശിനിയാണ് അനുഷ്‌ക ശര്‍മ്മ. കേണല്‍ അജയ്കുമാര്‍ ശര്‍മ്മയുടേയും അഷിമ ശര്‍മ്മയുടേയും മകളാണ്. അനുഷ്‌കയുടെ സിനിമാജീവിതത്തിന്റെ സൗകര്യാര്‍ത്ഥം വിരാട് മുംബൈയിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.