ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ബി.ജെ.പി ക്യാമ്പ് അതീവ ജാഗ്രതയില്‍. എന്‍.ഡി. എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന്റെ വിജയം ഉറപ്പാക്കാനെന്ന പേരില്‍ നേതൃത്വം കൈക്കൊള്ളുന്ന ഈ ‘അതിജാഗ്രത’ക്കു പിന്നില്‍ വോട്ടു ചോരുമെന്ന ഭയം കൂടിയുണ്ട്.
കര്‍ണാടകയിലെയും ബംഗാളിലെയും ബി. ജെ.പി എം.എല്‍.എമാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയതാണ് ഇതില്‍ പ്രധാനം. നിര്‍ണായക വോട്ടെടുപ്പില്‍ പാര്‍ട്ടി ബാങ്കില്‍ നിന്ന് ഒരു വോട്ടു പോലും ചോരരുതെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനായി ഹോട്ടലില്‍ നിന്ന് നേരിട്ട് വിധാന്‍സഭയിലെത്താനാണ് നിര്‍ദേശം. പാര്‍ട്ടി ഏര്‍പ്പെടുത്തുന്ന സംഘത്തിന്റെ അകമ്പടിയിലാവും എം.എല്‍.എമാര്‍ സഭയിലെത്തുക. ഹോട്ടലില്‍ മോക് പോളിങ് പരിശീലനവും നല്‍കുന്നുണ്ട്. വോട്ടു ചോരുമെന്ന ഭയമാണ് ബി. ജെ.പിയുടെ ഈ അതിജാഗ്രതക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അടല്‍ ബിഹാരിയും എല്‍.കെ അദ്വാനിയും അടക്കമുവള്ളവര്‍ പാര്‍ട്ടി വാണ കാലത്ത് ബി.ജെ.പിയിലെ തലമുതിര്‍ന്ന നേതാവായിരുന്നു പ്രതിപക്ഷത്തിസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ.
മോദി – അമിത് ഷാ അച്ചുതണ്ട് പാര്‍ട്ടിയുടെ നിയന്ത്രണം കൈയടക്കിയതോടെ അദ്വാനി അടക്കമുള്ളവര്‍ അവഗണനയുടെ തുരുത്തില്‍ നിതാന്ത മൗനത്തിലാണ്ടപ്പോള്‍ പാര്‍ട്ടിവിട്ട് പടിയിറങ്ങാനായിരുന്നു സിന്‍ഹയുടെ തീരുമാനം. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തി.ബി.ജെ.പിക്കുള്ളില്‍ ഒട്ടേറെ നേതാക്കളുമായി സിന്‍ഹക്ക് ഇപ്പോഴും വ്യക്തിബന്ധമുണ്ട്. ഗ്രൂപ്പ് വൈരം മൂത്തുനില്‍ക്കുന്ന കര്‍ണാടകയില്‍ മോദി – അമിത് ഷാ അച്ചുതണ്ടിന്റെ നിലപാടുകളില്‍ എതിര്‍പ്പുള്ളവര്‍ കൂറുമാറുമോ എന്ന ഭയവും സജീവമാണ്. രഹസ്യ ബാലറ്റായതിനാല്‍ വോട്ടു ചോര്‍ച്ചയുണ്ടായാല്‍ എവിടെനിന്നെന്ന് കണ്ടെത്താനും കഴിയില്ല.