News

ഇന്ത്യയില്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ച് ആപ്പിള്‍

By vismaya

February 05, 2026

തങ്ങളുടെ വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആപ്പിള്‍ ഇന്ത്യയില്‍ പുതിയ എഡ്യുക്കേഷന്‍ ഹബ് ആരംഭിച്ചു. തൊഴിലാളികളുടെ സാങ്കേതിക കഴിവുകളും കരിയര്‍ വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.

ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച എഡ്യുക്കേഷന്‍ ഹബ് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനുമായി (ങഅഒഋ) സഹകരിച്ചാണ് നടപ്പാക്കുന്നത്. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ വലിയൊരു പങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇന്ത്യയെ പദ്ധതിയുടെ പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.

ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സാങ്കേതിക വൈദഗ്ധ്യം നേടാനും, തൊഴില്‍ രംഗത്തെ മാറ്റങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും തൊഴിലാളികളെ സഹായിക്കുന്ന രീതിയിലാണ് ഹബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകള്‍ പഠിക്കാനും, ഡിജിറ്റല്‍ സാക്ഷരത മെച്ചപ്പെടുത്താനും, ഉല്‍പാദന രംഗത്തെ പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാനും ഈ സംരംഭം സഹായകരമാകുമെന്ന് ആപ്പിള്‍ അറിയിച്ചു.

2026 മാര്‍ച്ച് മുതല്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമെന്നും, ഡിജിറ്റല്‍ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം നേടിയ അധ്യാപകരില്‍ നിന്ന് പരിശീലകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് പരിശീലനം ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്സ്, ഓട്ടോമേഷന്‍ ടെക്നോളജി, സ്മാര്‍ട്ട് മാനുഫാക്ചറിംഗ്, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ പ്രധാന മേഖലകളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാകും.

ഇന്ത്യയിലെ തൊഴിലാളികള്‍ക്കായി സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നതില്‍ കമ്പനി അതീവ ആവേശത്തിലാണെന്ന് ആപ്പിളിലെ എന്‍വിറോണ്‍മെന്റ്, സപ്ലൈ ചെയിന്‍ ഇന്നൊവേഷന്‍ വൈസ് പ്രസിഡന്റ് സാറാ ചാന്‍ഡലര്‍ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് പുതിയ കഴിവുകള്‍ നേടാനും, പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അറിവ് നേടാനും ഈ പദ്ധതി സഹായകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.