kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ മെയ് 5ന് തുടങ്ങും

By webdesk13

January 11, 2025

എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5ന് തുടങ്ങാൻ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും.

കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനെയും മുൻ എം.എൽ.എ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയെങ്കിലും കോടതി വിടുതൽ ഹർജി തള്ളുകയാണ് ചെയ്തത്.

കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിനെതിരെഅബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു.

അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമേതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 33 പ്രതികളാണുള്ളത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഷുക്കൂറിന്റെ മാതാവ് ആത്തിക്കക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷാ കേസിൽ ഹാജരായി. കേസ് സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്ജി പി ശബരിനാഥൻ ആണ് പരിഗണിക്കുന്നത്.