മുംബൈ: പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സംഗീത ലോകത്തെ പ്രിയ ഗായകന്‍ അര്‍ജിത് സിംഗ്. ഇനി മുതല്‍ പുതിയ സിനിമകള്‍ക്കായി പാടില്ലെന്ന് അര്‍ജിത്ത് സിങ് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അര്‍ജിത്ത് ഈ ഞെട്ടിക്കുന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്.
‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഈ വര്‍ഷങ്ങളിലെല്ലാം എനിക്ക് നല്‍കിയ സ്‌നേഹത്തിന് എല്ലാ ശ്രോതാക്കള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനി മുതല്‍ പിന്നണി ഗായകന്‍ എന്ന നിലയില്‍ പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കില്ലെന്ന് ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഇത് ഒരു അത്ഭുതകരമായ യാത്രയായിരുന്നു.’ – അര്‍ജിത്ത് കുറിച്ചു.
സിനിമയില്‍ പാടുന്നത് നിര്‍ത്തുമെങ്കിലും സംഗീത ലോകത്ത് നിന്ന് അര്‍ജിത്ത് സിങ് പൂര്‍ണ്ണമായി വിട്ടുനില്‍ക്കില്ല. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് (സ്വതന്ത്ര സംഗീതം), ശാസ്ത്രീയ സംഗീതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
നിലവില്‍ ഏറ്റെടുത്തിട്ടുള്ള പാട്ടുകള്‍ പാടി പൂര്‍ത്തിയാക്കുമെന്നും, അതിനാല്‍ 2026-ല്‍ അദ്ദേഹത്തിന്റെ ഏതാനും ഗാനങ്ങള്‍ കൂടി പുറത്തിറങ്ങുമെന്നും അര്‍ജിത്ത് സിങ് വ്യക്തമാക്കി.
ബോളിവുഡ് സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത ശബ്ദമാണ് അര്‍ജിത്ത് സിങിന്റേത്. ‘ബോളിവുഡ് സംഗീതം ഇനി ശൂന്യമാകും’ എന്ന രീതിയിലുള്ള പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് ആരാധകര്‍.
ബോളിവുഡില്‍ ‘തും ഹി ഹോ’ (ആഷിഖി 2) എന്ന ഗാനത്തിലൂടെയാണ് അര്‍ജിത്ത് സിംഗ് തരംഗമായത്. രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം, 2025-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.