india

ഹരിയാനയില്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ ആയുധശേഖരം; 360 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ പിടികൂടി

By webdesk18

November 10, 2025

ചണ്ഡീഗഢ്: ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും വന്‍ തോതില്‍ ആയുധശേഖരം പിടികൂടി. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.

സംഭവത്തില്‍ അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായി. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് രാസവസ്തുക്കള്‍ കണ്ടെത്തിയത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറില്‍ നിന്നും തോക്കും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡോക്ടര്‍ മുസമ്മിലിന്റെ ഫരീദാബാദ് ധോജ് പ്രദേശത്തുള്ള വാടകവീട്ടില്‍ അമോണിയം നൈട്രേറ്റ് എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 15 ദിവസം മുമ്പാണ് ഈ രാസവസ്തു എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് മുസമ്മിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനും അറസ്റ്റിനും വഴിവച്ചത്. കൂടാതെ മുസമ്മിലുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിരച്ചിലില്‍ പൊലീസിന് വെടിയുണ്ടകള്‍, ഹെവി മെറ്റല്‍, ടൈമറുകള്‍ (20 എണ്ണം), റിമോട്ട് കണ്‍ട്രോളുകള്‍ (24 എണ്ണം), വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിങ് തുടങ്ങിയ നിരോധിത വസ്തുക്കളും ലഭിച്ചു.

അറസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നിരവധി അറസ്റ്റുകള്‍ക്കും ഈ അന്വേഷണവുമായി ബന്ധമുണ്ട്.

പൊലീസിന്റെ പ്രാഥമിക നിഗമനം പ്രകാരം, ‘വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ’ എന്ന രീതിയില്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ ബന്ധങ്ങളും ഉള്ള ഒരു ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവര്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

പ്രതികള്‍ക്കെതിരെ ആയുധനിയമം സെക്ഷന്‍ 7, 25, കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പ്രകാരമുള്ള സെക്ഷന്‍ 13, 28, 38, 39 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.