india

ജമ്മുവില്‍ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി; ഭീകരര്‍ വധിക്കപ്പെട്ടു 

By webdesk14

November 08, 2025

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ കുപ്വാര മേഖലയില്‍ നടന്ന നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. വെടിവെയ്പ്പില്‍ രണ്ട് ഭീകരര്‍ വധിക്കപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ വെടിവെയ്പ്പ് ആരംഭിച്ചത് അതിര്‍ത്തിക്ക് സമീപമുള്ള മച്ചില്‍ സെക്ടറിലാണ്. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിക്കുമ്പോയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതിന് മറുപടിയുമായി സൈന്യവും ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തി. സംഭവ സ്ഥലത്ത് ഇപ്പോഴും വിപുലമായ തിരച്ചില്‍-വിസ്‌ഫോടകവസ്തു ശേഖരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രദേശം പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്.

ഒക്ടോബര്‍ 14-ന് ഇതേ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലും രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ അതിര്‍ത്തി നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കിടയിലാണ് പുതിയ ആക്രമണം നടന്നത്. സൈന്യത്തിന്റെ വേഗത്തിലുള്ള ഇടപെടലിലൂടെ വന്‍തോതിലുള്ള ഭീകരാക്രമണം ഒഴിവാക്കാനായതായി പ്രതിരോധവകുപ്പ് വക്താക്കള്‍ വ്യക്തമാക്കി.