കശ്മീര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്രെഡീഷണല്‍ ആര്‍മി ജവാന്‍ ഇര്‍ഫാന്‍ അഹമ്മദ് ദറി(23)നെയാണ് വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ തെരുവിലെ പുല്‍കൂനയില്‍ ശരീരം മുഴുവനും വെടിയേറ്റ നിലയിലായിരുന്നു സൈനികന്റെ മൃതദേഹം. ഇര്‍ഫാന്റെ മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്‍ഫാനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയാണ് ഇര്‍ഫാന്‍. അതേസമയം ഇര്‍ഫാന്‍ സഞ്ചരിച്ച കാറും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

സൈനികന്റെ മരണത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അനുശോചനം അറിയിച്ചു.