തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി ചാനലിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ശശി തരൂരിന്റെ പരാതി്. ഇനി കേസ് പരിഗണിക്കുന്ന ഫെബ്രുവരി 28ന് അര്‍ണബ് ഹാജരാകാനാണ് നിര്‍ദേശം.

ജൂണില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 29ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അര്‍ണബ് എത്താതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്. പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരെയുള്ള പരാതികള്‍ നിലനില്‍ക്കുന്നതാണെന്നു കോടതി അറിയിച്ചു.