ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവച്ചു. ഒരു ഓണ്‍ലൈന്‍ ദേശീയ മാധ്യമമാണ് രാജിക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അര്‍ണബ് തന്റെ രാജിക്കാര്യം വ്യക്തമാക്കുകയായിരുന്നുവെന്നാണ് വിവരം. ഏകദേശം പത്തുവര്‍ഷത്തെ സേവനത്തിന് ശേഷമാണ് ദേശീയ ചാനലായ ടൈംസ് നൗവില്‍നിന്ന് അര്‍ണബ് പടിയിറങ്ങുന്നത്. രാജിയുടെ പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും മറ്റൊരു ചാനല്‍ തുടങ്ങാനുള്ള പദ്ധതിയുണ്ടെന്നാണ് വിവരം. അസം സ്വദേശിയായ അര്‍ണബിന്റെ ന്യൂസ് ഹവര്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു.  അര്‍ണബിന്റെ ചര്‍ച്ചകള്‍ക്കെതിരെ പലരും രംഗത്ത് എത്തിയിരുന്നു. എന്‍ഡിടിവിയുടെ എഡിറ്ററും മാധ്യമപ്രവര്‍ത്തകയുമായി ബര്‍കാദത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി രംഗത്ത് എത്തിയിരുന്നു.