kerala

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക; ഗുസ്തി താരങ്ങള്‍ക്ക് മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യവും പ്രദര്‍ശന ഗുസ്തി മത്സരവും

By webdesk11

June 05, 2023

കോഴിക്കോട്: പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടും ഇരകളായ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രദര്‍ശന ഗുസ്തി മത്സരം സംഘടിപ്പിക്കും. ജൂണ്‍ 7ന് ബുധനാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ ആണ് പ്രതിഷേധ ഗുസ്തി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുകയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളുടെ ഭാഗമായ ഒരു ഗുണ്ടാ നേതാവ് കൂടിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയും ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം പലതവണ ഉയര്‍ത്തിയ ഗുസ്തി താരങ്ങളുടെ അത്യന്തം ഗൗരവതരമായ പരാതികള്‍ കണ്ടഭാവം പോലും നടിക്കാത്ത സമീപനം കാണിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം തുടര്‍ന്നു.വേട്ടയാടപ്പെട്ട കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തുന്ന പ്രദര്‍ശന ഗുസ്തി മത്സരത്തില്‍ കായിക താരങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നവരും പങ്കാളികളാകും.