kerala

കന്യാസ്ത്രീകളുടെ അറസ്റ്റ്; പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

By webdesk17

July 29, 2025

ന്യൂഡല്‍ഹി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കന്യാസ്ത്രീകളെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ സന്ദര്‍ശിക്കുന്നതിന് യുഡിഎഫ് എംപിമാര്‍ക്ക് നേരത്തെ അനുമതി നിഷേധച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അനുമതി ലഭിക്കുകയായിരുന്നു. എംപിമാര്‍ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടു.

കന്യാസ്ത്രീകളുടെ ബന്ധു ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അനുമതി ലഭിച്ചത്.

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇവര്‍ നാളെ സെക്ഷന്‍ കോടതിയെ സമീപിക്കും. ക

വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.