india

ബലാത്സംഗ കേസില്‍ അറസ്റ്റിലായി; പിന്നാലെ വീട് തകര്‍ത്തു; ഒടുവില്‍ നിരപരാതിയെന്ന് കോടതി

By webdesk18

February 22, 2025

മധ്യപ്രദേശില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷഫീഖ് അന്‍സാരിയെ കുറ്റവിമുക്തനാക്കി കോടതി. ഷഫീഖ് അന്‍സാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്റെ വീട് പൊളിച്ചുമാറ്റിയതിനാലാണ് സ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് രാജ്ഗഡ് ജില്ലയിലെ സെഷന്‍സ് കോടതി കണ്ടെത്തി. ബലാത്സംഗ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ അന്‍സാരിയുടെ രണ്ട് കോടിയുടെ വീടും തകര്‍ത്തിരുന്നു.

പരാതി നല്‍കിയ സ്ത്രീയുടെയും ഇവരുടെ ഭര്‍ത്താവിന്റെയും മൊഴികളിളുണ്ടായ പൊരുത്തക്കേടുകള്‍ കണടെത്തിയിരുന്നു. ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിച്ചുവന്ന പ്രതിയുടെ അവകാശവാദം വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകള്‍ ഉപയോഗിച്ച് സ്ഥിരീകരിക്കപ്പെടുന്നില്ല. പ്രതിയുടെ വീട്ടില്‍ ഇരയുടെ സാന്നിധ്യം തന്നെ സംശയാസ്പദമാണ്. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനെ അറിയിക്കാന്‍ വൈകിയതിനോ പരാതി നല്‍കാന്‍ വൈകിയതിനോ സ്ത്രീ തൃപ്തികരമായ ഒരു കാരണവും നല്‍കിയിട്ടില്ല’ – രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി നിരീക്ഷിച്ചു.

2021 ഫെബ്രുവരിയിലാണ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയത്. അന്‍സാരിയെ താമസിപ്പിച്ചതിന് അദ്ദേഹത്തിന്റെ മകനും സഹോദരനുമെതിരെയും കേസെടുക്കുകയുണ്ടായി.

ബലാത്സംഗ ആരോപണങ്ങള്‍ക്ക് മുമ്പ് കൈയേറ്റം ആരോപിച്ച് മുനിസിപ്പല്‍ അധികൃതര്‍ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയിരുന്നു. ഇവരുടെ വീട്ടില്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അയല്‍ക്കാരും അവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.

നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അവര്‍ തന്നെ ലക്ഷ്യമിട്ടതെന്ന് അന്‍സാരി പറഞ്ഞു. പ്രതികാരം ചെയ്യാനായി ആ സ്ത്രീ കള്ളപ്പരാതി നല്‍കി. ഒരു നോട്ടീസും നല്‍കാതെയാണ് രാവിലെ 7 മണിക്ക് തന്റെ വീട് പൊളിച്ചുമാറ്റിയത്. കീഴടങ്ങാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് പൊലീസ് ഇത് ചെയ്തത്. വീട് പൊളിച്ചതില്‍ നഷ്ടപരിഹാരം ലഭ്യമാക്കാനായി ഉചിതമായ ഫോറത്തെ സമീപിക്കും’ -അന്‍സാരി പറഞ്ഞു.

അതേസമയം, അന്‍സാരി ഒരു വാര്‍ഡ് കൗണ്‍സിലറാണെന്നും അന്‍സാരിയുടെയും പ്രദേശവാസികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയതെന്നും കോടതി വ്യക്തമാക്കി. വീട് പൊളിച്ചുമാറ്റിയതിന്റെ പേരില്‍ ഷഫീഖ് അന്‍സാരിക്കെതിരെ സ്ത്രീ ബലാത്സംഗ പരാതി നല്‍കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിയായ ഷഫീഖ് അന്‍സാരി സ്ത്രീയെ തെറ്റായി തടഞ്ഞുവച്ചതായോ ബലാത്സംഗം ചെയ്തതായോ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.