എം. ജോണ്‍സണ്‍ റോച്ച്

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തൊഴിലും ജീവിതനിലവാരവും ഉറപ്പുവരുത്തേണ്ട കര്‍ത്തവ്യം സര്‍ക്കാരിനുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരില്‍ ചെറിയൊരു വിഭാഗത്തിന് സാമ്പത്തിക പിന്നാക്കവസ്ഥ യാഥാര്‍ഥ്യവുമാണ്. അത് പരിഹരിക്കാനായി സംവരണതത്വം അട്ടിമറിക്കാതെ മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തിക ഉയര്‍ച്ചക്ക് സാമ്പത്തിക പാക്കേജുകളും ബദല്‍ പദ്ധതികളുമാണ് ആവിഷ്‌ക്കരിക്കേണ്ടിയിരുന്നത്. അത് ചെയ്യാതെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷ സമൂഹത്തെ സാമൂഹികമായി ഉണര്‍ത്തിക്കൊണ്ടുവരാനായി ഏര്‍പ്പെടുത്തിയ സംവരണം തത്വത്തെയാണ് തുരങ്കംചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക നീതിയുടെ ഭാഗമാണ്. അതിനാലാണ് വിദ്യാഭ്യാസം തൊഴില്‍-രാഷ്ട്രീയ മേഖലകളില്‍ സംവരണം കൊണ്ടുവന്നത്. വ്യവസ്ഥിതിയില്‍ പങ്കെടുക്കാനും ജനങ്ങളെ പ്രതിനിധീകരിക്കാനുമുള്ള അവകാശത്തിന്റെ അംഗീകാരമായിരുന്നു അത്.

എന്നാല്‍ ഈ അവകാശത്തെ തൃണവല്‍ക്കരിച്ചുകൊണ്ട് ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, പ്രൊഫഷണല്‍ കോളജുകള്‍, ദേവസ്വംബോര്‍ഡ്, പൊതുമേഖല സ്ഥാപനങ്ങളില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയായിരുന്നു. ഇത് പത്തു ശതമാനം ഓപ്പണ്‍ ക്വാട്ടയില്‍ നിന്നാണെന്ന് പറഞ്ഞിരുന്നതെങ്കിലും നടപ്പാക്കിയപ്പോള്‍ ആകെ സീറ്റില്‍ 10 ശതമാനം കണക്കാക്കുകയാണുണ്ടായത്. ഇപ്പോഴിതാ സര്‍ക്കാര്‍ തല ഉദ്യോഗങ്ങള്‍ക്കും മുന്നാക്കക്കാരില്‍ പിന്നാക്കകാര്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ പോകുകയാണ്.

കേരളത്തില്‍ ഇ.എം.എസ് ഒന്നാം ഭരണപരിഷ്‌ക്കരണ ചെയര്‍മാനായി ഇരുന്നപ്പോഴാണ് സാമ്പത്തിക സംവരണം മുന്നോട്ടുവെച്ചത്. ഇ.എം.എസിന്റെ അന്നത്തെ സംവരണ വിരുദ്ധ നിലപാടില്‍ സി.പി.എം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. സവര്‍ണ്ണ ഹിന്ദുക്കളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ദേവസ്വം നിയമനങ്ങളില്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് സി.പി.എം ആദ്യമായി സാമ്പത്തിക സംവരണത്തിന് അംഗീകാരം നല്‍കുന്നത്. അതുവരെ ഇന്ത്യയില്‍ താത്വികതലത്തില്‍ മാത്രം നിലന്നിരുന്ന ഒരു കാര്യം മാത്രമായിരുന്നു. കേരളത്തിലെ ദേവസ്വത്തില്‍ ഇടതുസര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടുകൂടിയാണ് ഇത് പ്രായോഗികതലത്തില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് സ്വയംഭരണസ്ഥാപനമായതിനാല്‍ ഭരണഘടനാഭേദഗതി ആവശ്യമില്ലാതെ തന്നെ ഈ തീരുമാനം പിണറായി സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ ജാതി സംവരണം ദുര്‍ബലമാക്കാനും സാമ്പത്തിക സംവരണം സ്വീകര്യമാക്കാനും സി.പി.എമ്മാണ് തുടക്കമിട്ടതെന്ന് അവര്‍ക്ക് ഭാവിയില്‍ അവകാശപ്പെട്ടുകൊണ്ടിരിക്കാം.

സി.പി.എമ്മിന്റെ ഈ തുടക്കമിടലില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷെഡ്യൂള്‍ 45 ന്റെ ഭാഗമല്ലാത്ത ജാതി വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജാതി വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭരണഘടനാവിരുദ്ധമാണ് സാമ്പത്തികസംവരണമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. 124-ാം ഭരണഘടനാഭേദഗതി ചെയ്തുകൊണ്ടുവന്ന, സംവരണ നിയമത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. ഈ കേസിന്റെ വിധിവരുന്നതുവരെയെങ്കിലും സംസ്ഥാന സര്‍ക്കാരിന് മുന്നാക്കക്കാരില്‍ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത് കാത്തിരിക്കണമായിരുന്നു.

സാമ്പത്തിക സംവരണം ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് ഭരണഘടനാപരമായി നിലനില്‍പ്പില്ലാത്ത നിയമമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം. ഇതിനുമുമ്പും നരസിംഹറാവു മണ്ഡല്‍ പ്രശ്‌നത്തിന്റെ ചൂടുകുറയ്ക്കാനായി 1991-ല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ കേസില്‍ സാമ്പത്തിക സംവരണവും മുന്നാക്ക ജാതിക്കുള്ള സംവരണവും ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനബഞ്ച് വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ ഭരണഘടനബഞ്ച് പിന്നാക്കക്കാര്‍ക്കുള്ള 27 ശതമാനം സംവരണം അംഗീകരിക്കുകയും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം റദ്ദാക്കപ്പെടുകയുമാണുണ്ടായത്. ഒരിക്കല്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞ സാമ്പത്തിക സംവരണമാണ് ആര്‍ട്ടിക്കിള്‍ 15, 16 ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവരണ നിയമം കൊണ്ടുവന്നത്. പിന്നാക്കജാതികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ സര്‍വീസിലും മതിയായ പ്രാതിനിധ്യം നല്‍കുന്ന 15(4) 16(4) ഭരണഘടന ഭേദഗതി സുപ്രീംകോടതി എങ്ങനെ കാണുന്നുഎന്നതിനെ അനുസരിച്ചായിരിക്കും ഇതിന്‍മേലുള്ള വിധി. ഈ നിയമത്തെ ഇല്ലാതെയാക്കിത്തീര്‍ക്കാതിരിക്കാനും അവഗണിക്കാതിരിക്കാനുമാണ് മൗലികാവകാശത്തില്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്ന് ഇന്ദിരാ സഹാനി കേസിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെക്കുറിച്ച് പഠനം നടത്താതെയാണ്. മുന്നാക്ക സമുദായത്തിലുള്ളവരില്‍ എത്രത്തോളം പേര്‍ സാമ്പത്തികമായി പിന്നിലേക്ക് പോയതായി വ്യക്തമായൊരു കണക്ക് ഇതുവരെ ആരും എടുത്തിട്ടില്ല. ചെറിയയൊരു വിഭാഗം സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ പോയിട്ടുണ്ടെങ്കിലും അവര്‍ ഇന്നും സാമൂഹികമായി മുന്നാക്കാവസ്ഥയില്‍ തന്നെയാണ്. ഇവരെ സഹായിക്കാനായി വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണതത്വത്തില്‍ കൈവച്ചത് ശരിയായില്ല. സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ ഭൂമിയില്‍മേലുള്ള അവകാശത്തിലും ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശത്തിലും വളരെയധികം പിറകിലാണ്. ഒറ്റപ്പെട്ട ചിലരുടെ മാറ്റത്തെ ചൂണ്ടിക്കാണിച്ചാണ് പിന്നാക്ക വിഭാഗങ്ങള്‍ സാമൂഹിക സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞുവെന്ന് പറയുന്നത്. സവര്‍ണ്ണരില്‍ മൂന്നു ശതമാനം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെങ്കില്‍ ദലിത്-പിന്നാക്ക വിഭാഗങ്ങളിലെ 97 ശതമാനവും ദരിദ്രരാണ്. ഈ മൂന്നു ശതമാനത്തിനുവേണ്ടിയാണ് സാമ്പത്തിക സംവരണമെന്ന അജണ്ട നടപ്പാക്കി 97 ശതമാനം ദരിദ്രരായ പിന്നാക്ക-ദലിത് വിമോചനമാര്‍ഗത്തെ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇപ്പോഴും അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങള്‍ പുത്തന്‍ രൂപഭാവങ്ങള്‍ പ്രാപിച്ച് പുത്തന്‍ രീതിയില്‍ അയിത്തം നിലനില്‍ക്കുമ്പോള്‍ ജാതി സംവരണത്തിന്റെ പ്രസക്തി എങ്ങനെയാണ് ഇല്ലാതാകുന്നത്. നവ ലിബറലിസത്തിന്റെ കാലത്ത് ജാതി വ്യവസ്ഥ അതിന്റെ മൂലധന വ്യവസ്ഥയുമായുള്ള ഇടപെടലില്‍ പുത്തന്‍ മുഖംമൂടിയണിഞ്ഞ് ജാതീയമായ വേര്‍തിരിവുകള്‍ പുത്തന്‍ രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നിലനില്‍ക്കുന്ന സംവരണത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ തനതു ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതുമാത്രമാണ് സംവരണമെന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മറക്കാതിരിക്കുക. സാമ്പത്തിക മാനദണ്ഡത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും പൊതുഅജണ്ടയാണ് ഉള്ളത്. ഇ.എം.എസിന്റെ ബ്രാഹ്മണിക്കല്‍ കാഴ്ചപ്പാടിലുള്ള സാമ്പത്തിക സംവരണ നിലപാട് ഇടതു സര്‍ക്കാര്‍ കേരള ജനതയുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കുള്ള അവസരം സമത്വമാണ് സംവരണം. സംവരണം സാമൂഹികനീതിയുമായി ബന്ധപ്പെട്ടതാണ്. സമൂഹത്തിന്റെ മുന്‍നിരയില്‍ നിന്നും അധികാര സ്ഥാനങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്നവരില്‍ അഭിമാനവും ആത്മവിശ്വാസവും വളര്‍ത്തി അവസരങ്ങളും പദവികളും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കും അധികാരത്തിലേക്കും കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുകയെന്ന സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യത്തെയാണ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. ജാതി സംവരണത്തെ ദുര്‍ബലമാക്കുകയും സാമ്പത്തിക സംവരണം സ്വീകരിക്കാവുന്ന രീതിയ്ക്ക് പിണറായി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയുമാണ്.