Video Stories
ശഹീദ് ഭഗത്സിങും ശോഭാ സുരേന്ദ്രനും
റവാസ് ആട്ടീരി
ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്, പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം… ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുക്കപ്പെട്ട മണ്ടത്തരങ്ങളാണിത്. രാജ്യത്തെ തന്നെ നാണംകെടുത്തുന്ന അര ഡസനോളം പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. ഇതേകുറിച്ച് മുമ്പ് ബി.ബി.സി ന്യൂസ് പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ‘കൗസ് ടു പ്ലെയിന്‍സ്: ഇന്ത്യന്‍ മിനിസ്റ്റേഴ്സ് ഹു റീറോട്ട്സ് സയിന്റിഫിക് ഹിസ്റ്ററി’ (പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍) എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ങ്ങളെ കണക്കിന് കളിയാക്കുന്നുണ്ട് ബി.ബി.സി ന്യൂസ്. പോയത്തങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ പരിഹാസത്തിന് പാത്രമായിരുന്നു. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് ചരിത്രപരമായ മണ്ടത്തരം മോദിയുടെ നാവിന് തുമ്പില്‍ നിന്ന് ‘മൊഴിമുത്തുകളായി’ പെയ്തിറങ്ങുന്നത്. ഭഗത് സിങിനേയും ബത്തുകേശ്വര്‍ ദത്തിനേയും വീര്‍ സവര്‍ക്കറെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിതാപം. ‘പ്ലാസ്റ്റിക് സര്‍ജറി’ മോദിയുടെ ശാസ്ത്രീയ ജ്ഞാനത്തിന്റെ ആഴത്തിലുള്ള മണ്ടത്തരം വെളിപ്പെടുത്തുന്നതാണെങ്കില്‍ ശഹീദ് ഭഗത് സിങിനോടുള്ള പ്രധാനമന്ത്രിയുടെ പ്രണയാര്‍ദ്രമായ പരാമര്‍ശം ചരിത്ര ജ്ഞാനത്തിലെ തന്റെ വിവരമില്ലായ്മയുടെ വൃത്തികെട്ട വിളിച്ചുപറയലാണ്. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ പാടുപെട്ട് പൊട്ടക്കിണറ്റില്‍ വീണ കേരളത്തിലെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ ‘താരം’.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ‘ഇനി മുതല്‍ താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല’ എന്ന് ജയിലില്‍ വെച്ച് മാപ്പെഴുതി നല്കിയ വീര്‍ സവര്‍ക്കറെയും ‘സ്വാതന്ത്ര്യസമര സേനാനിയെന്ന്’ വിശേഷിപ്പിച്ചായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ഊറ്റം കൊണ്ടത്. ‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ‘ജയിലിലടക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെ’ന്നും മോദി പറഞ്ഞിരുന്നു. പ്രസംഗം കേട്ട് കോരിത്തരിച്ച വേദിയിലെ ബി.ജെ.പി നേതാക്കളെല്ലാം പുതിയ ചരിത്ര വക്രീകരണത്തെ പുകഴ്ത്തി സംസാരിക്കാന്‍ മത്സരിക്കുകയായിരുന്നു. വേദിയിലെ നേതാക്കള്‍ മാത്രമല്ല, ബിഡാറിലെ ബി.ജെ.പി അനുയായികളും ധീര ദേശാഭിമാനികളെ തങ്ങളുടെ പാര്‍ട്ടി മറക്കാതെ ഓര്‍ത്തെടുത്തതിലെ വീരസ്യം മോദിക്കു വേണ്ടി മുദ്രാവാക്യം മുഴക്കി പ്രകടിപ്പിച്ചു. ഇതിന്റെ ആത്മരതിയില്‍ ‘ശഹീദ്’ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്കിയ ശോഭാ സുരേന്ദ്രന് അമളിയുടെ ആഴിയില്‍ ആപതിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രമുഖ മലയാളം ചാനലില്‍ ഇതുസംബന്ധമായ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന് ഉത്തരംമുട്ടി കൊഞ്ഞനം കുത്തുന്നത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണമാണ് ബി.ജെ.പി നേതാവ് നല്‍കിയത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ച കാര്യം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്ന് അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. ഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത്സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വിശദീകരണം. പ്രധാനമന്ത്രി മാത്രമല്ല, പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ നേതാക്കളും ചരിത്രബോധത്തില്‍ തുല്യരാണെന്ന് ഈ ഉരുണ്ടുകളിയില്‍ നിന്നു പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് ചര്‍ച്ചയില്‍ ആദ്യം വാദിച്ച ശോഭ സുരേന്ദ്രന്, പ്രധാനമന്ത്രി നുണ പറഞ്ഞെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുണ്ടോ എന്ന് വെല്ലുവിളിക്കുകയും അവതാരകയുടെ എല്ലാ ചര്‍ച്ചയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്താണ് കലിയടക്കിയത്.
പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളും പറയുന്നു. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ വഴിതിരിച്ചുവിടാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭാവം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍’ഏതെങ്കിലും നേതാവിന് പ്രധാനമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കാന്‍ കഴിയുമോ? അദ്ദേഹം ചരിത്രമാണ് പറഞ്ഞിരിക്കുന്നത്. സത്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ശോഭ സുരേന്ദ്രന് വീറോടെ വാദിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ അറിയാനുള്ള കഴിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന് തട്ടിവിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടെ, കോണ്‍ഗ്രസിന്റെ ഏത് നേതാവ് എപ്പോഴാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത്. എവിടെയാണ് അത് രേഖപ്പെടുത്തിയത്. എത്രാമത്തെ പേജിലാണ് എന്നു പറയട്ടെ എന്നും തൊണ്ടകീറി പറഞ്ഞപ്പോഴാണ് ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അവതാരക ഓര്‍മപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞെങ്കിലും പ്രസംഗം കാണിച്ചിട്ടാണ് ചര്‍ച്ച തുടര്‍ന്നതെന്ന് അവതാരക പറഞ്ഞതോടെ ശോഭാസുരേന്ദ്രന് വീണ്ടും വെട്ടിലായി. ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം. നെഹ്റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പ്രസംഗം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ കാണിക്കുമെന്നും ശോഭ പറഞ്ഞതോടെ അവതാരക ഇപ്പോള്‍ തന്നെ പ്രസംഗം കാണിക്കാം എന്നു പറഞ്ഞ് ‘വീര രക്തസാക്ഷി ഭഗത് സിങിനെ വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നോ?’ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി നേതാവ് പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു. തുടര്‍ന്ന് നിലപാട് മാറ്റിയ ശോഭാ സുരേന്ദ്രന് ശഹീദ് ഭഗത് സിങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വാദിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.
ഭഗത് സിങിനെ തനിക്കാക്കി വെടക്കാക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം ചരിത്ര വര്‍ഗീകരണത്തിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വിപുലപ്പെടുത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ്. പക്ഷേ, പിറന്ന നാടിന്റെ മോചനത്തിന് തീക്ഷ്ണ യൗവനത്തിന്റെ നിത്യവസന്തം ബലികഴിപ്പിച്ച ഭഗത് സിങിനെ കൂട്ടുപിടിച്ചുള്ള ഫാസിസ്റ്റുകളി അല്‍പ്പം കടന്നതായിപ്പോയി. വന്ദേമാതരം ചൊല്ലി കഴുമരത്തിലേക്കു കടന്നുചെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ബലപ്പെടുത്താന്‍ ശോഭാ സുരേന്ദ്രന് പറഞ്ഞൊപ്പിച്ചത്. എന്നാല്‍ ഭരണ വര്‍ഗത്തിന്റെ ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈ ബോംബിന്റെ ശബ്ദമാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി ഇന്ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുമ്പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ലെന്നു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിയ ആ മൂന്നു വീര പൗരുഷങ്ങള്‍ -ഭഗത് സിങും രാജ് ഗുരുവും സുഖ്ദേവും-ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന ഓര്‍മകളാണ്.
ബാല്യകാലം തൊട്ടു തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ വിപ്ലവബോധം നെഞ്ചിലേറ്റിയ ശൂരത്വമായിരുന്നു ഭഗത് സിങിന്റേത്. വിദ്യാര്‍ഥി ജീവിതത്തില്‍ വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ ബ്രിട്ടീഷ് രാജിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ പ്രചോദിപ്പിച്ചത്. അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധപോരാട്ടത്തിനു മുന്‍ഗണന നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനായി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന് എന്ന വിപ്ലവസംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയിലും അരങ്ങത്തും നേതൃത്വം നല്കിക്കൊണ്ടിരിക്കെയാണ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് പൊലീസിന്റെ വലയിലാകുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികള്‍ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിങും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത്സിങിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോര്‍ ഗൂഢാലോചനാ കേസില്‍ ഭഗത് സിങിനെ വിചാരണ ചെയ്യുകയും 23-ാമത്തെ വയസില്‍ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. 1931 മാര്‍ച്ച് 24 നായിരുന്നു ഭഗത്സിങിന്റെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായത്. എന്നാല്‍ ഭഗത്സിങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23നായിരുന്നു ഭഗത് സിങിനെയും രജ്ഗുരുവിനെയും സുഖ്ദേവിനേയും തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പിറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിയുകയായിരുന്നു. വീട്ടുകാരെയും ബന്ധുക്കളെയുംപോലും ഭഗത് സിങിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.
ജയിലില്‍ കിടക്കുമ്പോള്‍ ഭഗത് സിങിനെ നെഹ്റു സന്ദര്‍ശിച്ചത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ നിരവധിയുണ്ട്. ഭഗത്സിങ്, രാജ്ഗുരു എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞിരുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ജവഹര്‍ലാല്‍ നെഹ്റു കണ്ടത്. 1929 ഓഗസ്റ്റ് എട്ടാം തീയതിയാണ് ജയിലില്‍ എത്തിയത്. ജയിലിലെ സന്ദര്‍ശകരുടെ രേഖയില്‍ ജവഹര്‍ലാല്‍ നെഹ്റു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നയുടനെ ഇതു തെറ്റാണെന്ന് സമര്‍ത്ഥിച്ച പ്രമുഖ ചരിത്രകാരന് സയ്യിദ് ഇര്ഫാന് ഹബീബ് നിരവധി തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. നെഹ്റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ചരിത്രത്തത്തെ ഉദ്ധരിച്ച് തറപ്പിച്ചു പറയുന്നത്. നെഹ്റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഭഗത്സിങിനോടൊപ്പം ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്ഫാന് ഹബീബ് പറഞ്ഞിരുന്നു. ഭഗത് സിങിനെ കുറിച്ച് പുസ്തകം തയാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്ഫാന് ഹബീബ്. (ടു മെയ്ക് ദി ഡെഫ് ഹിയര്‍ ഐഡിയോളജി ആന്റ് പ്രോഗ്രാം ഓഫ് ഭഗത് സിങ് ആന്റ് ഹിസ് കോംറേഡ്സ്). രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് ചരിത്ര പുസ്തകം വായിക്കണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഇടക്കിടെ ഇവ്വിധം മണ്ടത്തരങ്ങള്‍ വേദവാക്യം പോലെ ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടാവുന്നത് യാദൃച്ഛികമല്ല. ബോധപൂര്‍വമായ രാഷ്ട്രീയ ‘ഗെയിം’ ആണ് ബി.ജെ.പി ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന നുണകള്‍ ബി.ജെ.പിക്കു വേണ്ടി പടച്ചുവിടുന്ന ‘റിസര്‍ച്ച് ടീം’ ആണ് ഈ ഗെയിമിനു പിന്നില്‍. മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നുവെന്നും അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന് യുദ്ധവിവരങ്ങള്‍ വിവരിച്ചുകൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നുവെന്നും പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് വീണ്ടും മണ്ടത്തരം ആവര്‍ത്തിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. അതേ പ്രധാനമന്ത്രിയാണ് പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന ഗണപതിയെ സൃഷ്ടിച്ചത് ഇതിലൂടെയാണെന്നും കണ്ടെത്തിയത്. ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമനാണെന്നും അദ്ദേഹം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിതെന്നും വിജയ് രൂപാണി തട്ടിവിട്ടു. ലോകത്തിലെ ആദ്യ വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്നും അതിന്റെ പേര് പുഷ്പക വിമാനമെന്നാണെന്നും ആദ്യ പൈലറ്റ് കുബേരനാണെന്നും പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിങായിരുന്നു. കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് പറഞ്ഞ ആസാമിലെ ആരോഗ്യ മന്ത്രിയും പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്നുവെന്നും പനി ഉണ്ടായാല്‍ പശുവിന്റെ അടുത്തിരുന്നാല്‍ മാറുമെന്നും പറഞ്ഞത് രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രിയുമാണ്. വൈക്കോലില്‍ നിന്ന് സ്വര്‍ണമുണ്ടാക്കാമെന്ന് പറഞ്ഞ ബി.ജെ.പി വിദ്വാനെയും ഇതിനിടെ ഇന്ത്യ കണ്ടു.
വാല്‍ക്കഷ്ണം: ഭഗത് സിങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ‘ചിത്രം’ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദിയുടെ ഈ ഫോട്ടോഷോപ്പ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നാളെ വി. മുരളീധരനോ എം.ടി രമേശോ കെ. സുരേന്ദ്രനോ ജെ. പത്മകുമാറോ വരാതിരുന്നെങ്കില്‍ എന്ന് ആശിക്കാം. ആരു വന്നാലും അല്‍ഫോണ്‍സ് കണ്ണന്താനം വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala18 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala17 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala20 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala19 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

