Views
പ്രതീക്ഷയുടെ നാമ്പിടുന്ന പ്രവാസിവോട്ട്
യൂനുസ് അമ്പലക്കണ്ടി
ഇന്ത്യക്കാരായ ലക്ഷക്കണക്കിനു പ്രവാസികളുടെ ചിരകാലാഭിലാഷമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ സഫലമാവാന്‍ പോകുന്നത്. എക്കാലവും അധികാരി വര്‍ഗത്തില്‍നിന്ന് അവഗണന മാത്രം പേറിയിരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള അവകാശം സ്വായത്തമാകുന്നതോടെ നവ ചരിത്രമാണ് സൃഷ്ടിക്കപ്പെടുക. വര്‍ഷങ്ങളായുള്ള നിയമ പോരാട്ടത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഗൗരവതരമായ ഇടപെടലുകളാണ് പ്രവാസി വോട്ടെന്ന വലിയ സ്വപ്നത്തിനു വഴിതുറന്നത്. 2014 മാര്‍ച്ചില്‍ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്കു വിദേശത്തുവെച്ചുതന്നെ വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് മൂന്നര വര്‍ഷത്തിനിപ്പുറം പ്രവാസികള്‍ക്കനുകൂലമായി തീര്‍പ്പാകാന്‍ പോകുന്നത്.
പ്രവാസികള്‍ക്ക് നാട്ടിലെത്താതെ പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നല്കി ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അന്തിമമായി അറിയിച്ചതോടെയാണ് വീണ്ടും പ്രവാസി വോട്ട് ചര്‍ച്ചയാവുന്നത്. നിലവിലെ നിയമ പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രം മണ്ഡലത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനുള്ള അനുമതിയാണ് പ്രവാസികള്‍ക്കുള്ളത്. നിയമ ഭേദഗതി പാസാകുന്നതോടെ മണ്ഡലത്തിലെത്താതെ തങ്ങള്‍ നിശ്ചയിക്കുന്ന ആളിലൂടെ പ്രവാസിക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനാവും.
സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ചുമതലപ്പെടുത്തി വോട്ടു രേഖപ്പെടുത്തുന്ന പ്രോക്സി വോട്ട് (മുക്ത്യാര്‍ വോട്ട്) സംവിധാനമാണ് നടപ്പിലാകാന്‍ പോകുന്നത്. ഈ പകരക്കാരനെ മാറ്റാനുള്ള അവകാശവും പ്രവാസി വോട്ടര്‍ക്കുണ്ടാവും. ഇന്ത്യയിലിപ്പോള്‍ സൈനിക- അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പ്രോക്സി വോട്ടിനു അവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് നടത്തിപ്പു ചട്ടങ്ങളും ഭേദഗതി വരുത്തുന്നതോടെ പ്രവാസികള്‍ക്കും ഇതിനുള്ള സൗകര്യമൊരുങ്ങും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണ്ണായകമായ ഈ തീരുമാനം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ നദ്കര്‍ണി ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി അതു നിരസിച്ചു. സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് നടപടി ക്രമങ്ങള്‍ ഇതുവരെ എത്തിയതെന്നും ബില്‍ അംഗീകരിക്കുന്നതുവരെ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നുമുള്ള ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്റെ വാദം അംഗീകരിച്ച നീതിപീഠം കേസ് 12 ആഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ഓരോ ഘട്ടത്തിലുമുള്ള കോടതിയുടെ സസൂക്ഷ്മമായ ഇടപെടലുകള്‍ നീതിക്കായി കാതോര്‍ക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കൂടുതല്‍ കാലതാമസമില്ലാതെ ബില്‍ സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ശീതകാല സമ്മേളനത്തില്‍ ബില്‍ സഭയില്‍ വെച്ചാല്‍ എതിര്‍പ്പില്ലാതെ പാസാവാനാണ് സാധ്യത. മുഖ്യ കക്ഷികളൊന്നും പരസ്യമായി ബില്ലിനെ എതിര്‍ക്കണമെന്നില്ല. എന്നാല്‍ ശീതകാല സമ്മേളനം ഈ വര്‍ഷം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഭ ചേരുന്നത് ഒഴിവാക്കുമെന്നാണറിയുന്നത്. അങ്ങിനെ വന്നാല്‍ ബില്‍ അവതരണവും നീളും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ട് എന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷത്തോളം പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം 23 ലക്ഷത്തോളമാണ് പ്രവാസി മലയാളികള്‍. 30 ലക്ഷത്തിലധികമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രവാസികള്‍ കൂടുതലുള്ള കേരളം, ഗുജറാത്ത്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രവാസികളുടെ വോട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കേരളത്തിലെ അനേകം മണ്ഡലങ്ങളില്‍ പ്രവാസി വോട്ട് നിര്‍ണ്ണായകമാവും. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 78 മണ്ഡലങ്ങളിലെ ഭൂരിപക്ഷം പതിനഞ്ചായിരത്തില്‍ താഴെയാണെന്നത് ശ്രദ്ധേയമാണ്.
പ്രവാസികള്‍ക്ക് അവരോടുള്ള ഭരണകൂടത്തിന്റെ നിസ്സംഗതക്കെതിരില്‍ ശക്തമായി പ്രതികരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് വിദൂരമല്ലാത്ത ഭാവിയില്‍ വന്നുചേരുന്നത്. രാജ്യത്തെ ഒരു പൗരനു ലഭിക്കേണ്ട അവകാശങ്ങള്‍ പോലും പലപ്പോഴും പ്രവാസി സമൂഹത്തിനു ലഭിക്കുന്നില്ല. രണ്ടാംകിട പൗരനാണെന്നു തോന്നിക്കും വിധമാണ് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവാസികളോടുള്ള സമീപനം. അവരുടെ സഹായം പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ വിരളമായിരിക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പരിപോഷണത്തിന് പ്രവാസികള്‍ വഹിക്കുന്ന പങ്ക് കണക്കറ്റതാണ്. വിദേശങ്ങളിലെത്തുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്കി പ്രവാസികളെ സുഖിപ്പിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും നാട്ടിലെത്തിയാല്‍ അവയൊക്കെ മറക്കുന്നതാണ് പതിവ് കാഴ്ച്ച.
അവധിക്കാലത്തെ വിമാന നിരക്കിലെ വന്‍ വര്‍ധന വര്‍ഷങ്ങളായി പ്രവാസികളനുഭവിക്കുന്ന കൊടിയ ദുരിതമാണ്. ബാഗേജുകളുടെ നിയന്ത്രണം, നാട്ടിലെ കസ്റ്റംസിന്റെ പീഡനം, കാര്‍ഗോ അയക്കുന്നതിലുള്ള അധിക നികുതി ഉള്‍പ്പെടെയുള്ള നൂലാമാലകള്‍, മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി നൂറുകൂട്ടം പ്രയാസങ്ങളുടെ നടുവിലാണ് പ്രവാസി സമൂഹം എക്കാലവും. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കേന്ദ്ര സര്‍ക്കാറിന്റെ സഹകരണമില്ലായ്മ ‘എയര്‍ കേരള’ തുടങ്ങുന്നതിനു വിഘാതമായി. ഇത്തരത്തിലുള്ള നീതികേടിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരം വന്നുചേരുമ്പോള്‍ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാവുമെന്നു തന്നെയാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഭൂരിപക്ഷം പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പേര് ചേര്‍ക്കാനുള്ള സംവിധാനങ്ങള്‍ക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങള്‍ പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാവണം. ശാസ്ത്രീയമായും വന്‍ ജന പിന്തുണയോടെയും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ ഉണ്ട്. ഇവ്വിഷയകമായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്തരം കൂട്ടായ്മകള്‍ക്ക് കഴിയും. വ്യക്തിപരമായ അവബോധവും സംഘടനകളുടെ ബോധവത്കരണവും കൂടിയാവുമ്പോള്‍ ദൗത്യം വിജയിക്കുമെന്നുറപ്പ്, പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും. പ്രവാസി മലയാളികളില്‍ 88 ശതമാനവും ഗള്‍ഫ് മേഖലയിലാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ മലപ്പുറം ജില്ലയിലാണുള്ളത്. ഇത് നാല് ലക്ഷത്തോളം വരും. നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്കു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നേരിട്ടു വന്ന് വോട്ടു ചെയ്യാനുമുള്ള അവസരം പ്രവാസി ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണ്.
പ്രോക്സി സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വോട്ടുകള്‍ വിലക്കുവാങ്ങാന്‍ കഴിയുമെന്നുള്‍െപ്പടെയുള്ള ജനാധിപത്യ സ്വഭാവത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഇതുമായി ബന്ധപ്പട്ട് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റമറ്റ രീതിയില്‍ സംവിധാനിക്കാനുള്ള ഇച്ഛാശക്തി അധികാരി വര്‍ഗത്തിന്റെ ഭാഗത്തുനിന്നുണ്ടാവണം. എന്നാല്‍ മാത്രമേ ഈ വിജയം പൂര്‍ണ്ണാര്‍ത്ഥത്തിലാവുകയുള്ളൂ. സാങ്കേതിക വിദ്യ ഇത്രമേല്‍ വികാസം പ്രാപിച്ച പുതു യുഗത്തില്‍ ഓണ്‍ ലൈന്‍ വോട്ടിങ് പോലെയുള്ള സാധ്യതകളും ബന്ധപ്പെട്ടവര്‍ ആരായേണ്ടതുണ്ട്.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
kerala19 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india18 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala21 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala18 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More20 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala17 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

