കെ. മൊയ്തീന്‍ കോയ

ലോകം നെഞ്ചിടിപ്പോടെ കാത്തിരിപ്പാണ് ഡോണാള്‍ഡ് ട്രംപിന്റെ വരവ്. അമേരിക്ക വംശീയമായി ഭിന്നിച്ച് നില്‍ക്കുകയും ട്രംപ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച സ്ഥാനാരോഹണം. ട്രംപിന്റെ വികല നയ സമീപനം ലോകമെമ്പാടുമുള്ള സഖ്യ രാഷ്ട്രങ്ങളെ അമേരിക്കയില്‍ നിന്ന് അകറ്റുമെന്നാണ് ഏറ്റവും ഒടുവില്‍ പാരീസില്‍ നിന്ന് ലഭിക്കുന്ന സൂചനയും. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് വ്‌ളാഡ്മിര്‍ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കം വന്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് തീര്‍ച്ച.

അമേരിക്കയുടെ ഇന്റലിജന്‍സും സി.ഐ.എയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭരണകൂടത്തിന് സമര്‍പ്പിച്ചതാണ്. ട്രംപ് തന്നെ റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കുന്നു. പുട്ടിന്റെ ബ്ലാക്ക് മെയില്‍ തന്ത്രത്തിന് മുന്നില്‍ ട്രംപിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഒബാമ ഭരണകൂടത്തിന്റെയും ഡമോക്രാറ്റുകളുടേയും വിലയിരുത്തല്‍. ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള റഷ്യന്‍ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് എഫ്.ബി.ഐക്ക് കൈമാറിയത് താനാണെന്ന് സെനറ്ററും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ മെക്കയിന്‍ വെളിപ്പെടുത്തിയത് ട്രംപിന് പ്രഹരമായി.

ട്രംപിനെ പ്രതിരോധത്തിലാക്കുന്ന പല വിവരങ്ങളും റഷ്യയുടെ പക്കലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ തനിക്ക് അറിയാമെന്ന് ‘ന്യൂയോര്‍ക്ക് പോസ്റ്റി’നോട് മെക്കയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മോസ്‌കോവില്‍ ട്രംപ് നടത്തിയ ‘പ്രവൃത്തി’കളാണത്രെ രഹസ്യരേഖയില്‍ പ്രധാനം.

ഇന്റലിജന്‍സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തോട് സി.ഐ. എ നിലവിലെ മേധാവി ജെയിംസ് ക്ലാപര്‍ വിയോജിച്ചിട്ടുണ്ട്. ആഭ്യന്തര പ്രശ്‌നത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഉടക്കി നില്‍ക്കുന്ന ട്രംപിന്റെ വായാടിത്തങ്ങള്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍. വംശീയ വിദ്വേഷത്തിനും കുടിയേറ്റ നയത്തിനും എതിരായാണ് വന്‍ പ്രക്ഷോഭം. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും വര്‍ണ വിവേചനത്തിനെതിരായ ‘വാഷിങ്ടണ്‍ മാര്‍ച്ചി’ല്‍ മാര്‍ട്ടിങ് ലൂഥര്‍ കിംഗിന്റെ സഹപ്രവര്‍ത്തകനുമായ ജോണ്‍ ലൂയിസിനെ അപമാനിച്ച് ട്രംപ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

 

ആഭ്യന്തര സംഘര്‍ഷത്തിന് എരിവ് പകരുന്നതും റിപ്പബ്ലിക്കന്‍-ഡമോക്രാറ്റ് ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതുമായ മറ്റൊരു പ്രശ്‌നം ഒബാമ കെയര്‍ പദ്ധതിയാണ്. രണ്ട് കോടിയോളം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ഒബാമയുടെ പദ്ധതി ഒഴിവാക്കാനും ശ്രമം തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

 

മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരായ ട്രംപിന്റെ നയം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ‘അമേരിക്ക വംശ വെറിയുടെ പിടിയിലാണെ’ന്ന് തുറന്നടിച്ച ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ലോകത്തെയാകെ ഞെട്ടിച്ചു. ട്രംപിന്റെ വിജയത്തിന് ശേഷം ‘വിവേചനവും വംശീയ വിദ്വേഷവും വളര്‍ന്ന് വരുന്ന’തായി ഒബാമ നല്‍കുന്ന സൂചനയും അമേരിക്കയിലെ പരിഷ്‌കൃത സമൂഹത്തില്‍ നിന്നും ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ല.

 

അമേരിക്കന്‍ വിദേശ നയത്തിന്റെ മുനയൊടിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെങ്കില്‍ സഖ്യരാഷ്ട്രങ്ങളും അകലാനാണ് സാധ്യത. പാരീസില്‍ നടന്നുവരുന്ന പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ സമീപനത്തെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പ്രബല സഖ്യ രാഷ്ട്രമായ ഫ്രാന്‍സ്.

പാരീസ് സമ്മേളനത്തില്‍ 70 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ് ഓലന്ത് ട്രംപിന്റെ നയത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു സമ്മേളനം തുടങ്ങിയത്. ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് അമേരിക്കന്‍ എംബസി മാറ്റാനുള്ള ട്രംപിന്റെ ശ്രമം പ്രശ്‌നപരിഹാരത്തിന് സഹായകമാവില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ടിന്റെ വിമര്‍ശം ഭാവിയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഉലയ്ക്കാന്‍ ഇടയാക്കും. അറബ് രാഷ്ട്രങ്ങള്‍ക്ക് ട്രംപിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അതോടൊപ്പം തന്നെ റഷ്യക്കെതിരായ ഉപരോധം ഏകപക്ഷീയമായി ട്രംപ് പിന്‍വലിക്കുന്നതിലും നാറ്റോ രാഷ്ട്രങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ്.

 

കിഴക്കന്‍ ഉക്രൈയിന് റഷ്യ ഭീഷണി ഉയര്‍ത്തുകയും ക്രീമിയ കയ്യടക്കുകയും ചെയ്ത റഷ്യയുടെ നിലപാട് പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ കിഴക്കന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. അതുകൊണ്ടാണത്രെ 3000 സൈനികരെ പോളണ്ട്-റഷ്യ അതിര്‍ത്തിയിലേക്ക് ഒബാമ ഭരണകൂടം അയച്ചത്. മിസൈല്‍ സംവിധാനവും സ്ഥാപിച്ചു. റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ചെറുക്കാന്‍ നാറ്റോ രാഷ്ട്രങ്ങള്‍ തയാറെടുക്കുന്നതിനിടെ ട്രംപ്, റഷ്യയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതില്‍ സഖ്യ രാഷ്ട്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികം.

പശ്ചിമേഷ്യ ഉള്‍പ്പെടെ റഷ്യയും അമേരിക്കയും ധാരണയിലെത്തുമെന്ന ട്രംപിന്റെ മോഹം മൗഢ്യമാകും. പക്ഷേ, അമേരിക്കയുടെ സൈനിക ഇന്റലിജന്‍സ് നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെയുള്ള ട്രംപിന്റെ പോക്ക് വിജയം കാണാന്‍ സാധ്യത കുറവാണ്. ട്രംപിനേക്കാള്‍ പ്രഗത്ഭരായ പ്രസിഡണ്ടുമാര്‍ക്ക് അവരെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.

 
അതേസമയം, സി.ഐ.എയുടെ പുതിയ മേധാവി ബെക് പോച്ചിയോയുടെ പ്രസ്താവന ആപല്‍സൂചനയാണ്. റഷ്യയും ഇറാനും ഇസ്‌ലാമിക് സ്റ്റേറ്റുമാണ് ലോകത്തിന് ഭീഷണി എന്നാണ് ബെക് പോച്ചിയോയുടെ നിലപാട്. ഇസ്‌ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള സി.ഐ.എ മേധാവിയുടെ പ്രസ്താവന വസ്തുതാപരമാണ്. എന്നാല്‍ റഷ്യയെയും ഇറാനെയും ചേര്‍ത്ത് പറഞ്ഞത് ട്രംപിന്റെ നയമാണോ എന്ന് വ്യക്തമായിട്ടില്ല. ഇറാനും ഇറാഖുമൊക്കെ ‘പിശാചിന്റെ അച്ചുതണ്ട്’ ആയി വിശേഷിപ്പിച്ചത് റിപ്പബ്ലിക്കുകാരനായ മുന്‍ പ്രസിഡണ്ട് ജൂനിയര്‍ ബുഷാണ്.

അഫ്ഗാനിസ്താനെയും ഇറാഖിനെയും അന്ന് ബുഷ് തകര്‍ത്തു. ഇറാനുമായി നിരവധി തവണ ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയതുമാണ്. സാഹചര്യം മാറിയതോടെ ഇറാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ വീണ്ടും ഇറാഖി നെതിരെ പ്രസ്താവനയുമായി സി.ഐ.എ മേധാവി രംഗത്ത് വന്നത് അപകടസൂചനയായി തന്നെ കാണുകയാണ് ഇറാന്‍ നേതൃത്വം. ഇന്ത്യയില്‍ 1000, 500 നോട്ട് പിന്‍വലിക്കപ്പെട്ട നവംബര്‍ എട്ടിന് ആണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. നാല് വര്‍ഷം ട്രംപിന്റെ ഊഴമാണ്. അമേരിക്കയുടെ പ്രസിഡണ്ട് പദവിയിലെത്തുന്ന ഈ വിവാദ നായകന്‍ ലോകത്തിന്റെ സമാധാനം കെടുത്തുമോ എന്നാണ് ആശങ്ക.