കെ.കെ നഹ
കേരം തിങ്ങും കേരളനാട്ടില്‍ കേര കര്‍ഷകന്‍ തീരാദുരിതം അനുഭവിക്കുകയാണിന്ന്. കുത്തകകളെയും വ്യവസായികളെയും സഹായിക്കുക എന്ന ഒളിയജണ്ട മാത്രം കൈമുതലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനത്തോളംവരുന്ന (പരോക്ഷമായും പ്രത്യക്ഷമായും) നാളികേര കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉദ്്പാതനച്ചെലവും കിട്ടുന്ന വിലയും തമ്മില്‍ പൊരുത്തപ്പെടാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് നാളികേര കര്‍ഷകര്‍. 2008ല്‍ മന്‍മോഹന്‍സിങിന്റെ കാലത്ത് കേന്ദ്രം കൊണ്ടുവന്ന നാളികേര സംഭരണം അന്ന് നിലവിലുണ്ടായിരുന്ന അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. നാളികേര കര്‍ഷകരുടെ തീരാത്ത രോദനം കേള്‍ക്കാന്‍ തയ്യാറായില്ല. ആയിടെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരുന്നു. തെരഞ്ഞെടുപ്പിന്‌ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുമ്പില്‍ കര്‍ഷകരുടെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 2012ല്‍ 14 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാനമെടുത്തു. നാളികേര സംഭരണം തുടങ്ങുന്നതിന്മുമ്പ് പൊതുമാര്‍ക്കറ്റില്‍ രണ്ട് രൂപയുണ്ടായിരുന്നത് അഞ്ച് രൂപയിലേക്ക് പെട്ടെന്നുയര്‍ന്നു. കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസം ലഭിക്കാന്‍ ഇത് കാരണമായി. സംഭരണം ആരംഭിക്കുകയും ഘട്ടംഘട്ടമായി വില ഉയര്‍ത്തി 38 രൂപവരെ എത്തുകയും ചെയ്തു. കൃഷിഭവനിലൂടെ നാളികേര സംഭരണം നടത്തുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത് പൊതുവിപണിയില്‍ നാളികേര വില 45 രൂപവരെ എത്തുന്നതിന് കാരണമായി. പച്ചത്തേങ്ങ സംഭരണം അന്ന് 400റോളം സംഭരണകേന്ദ്രങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് മതിയായതല്ല എന്ന് മുഴുവന്‍ കര്‍ഷകര്‍ക്കുമറിയാം. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും നാളികേര സംഭരണം നടത്തണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം നിരന്തരമായി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുകളും നടന്നു. മറ്റിതര കര്‍ഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇടതു കര്‍ഷക സംഘടനകള്‍ ശക്തമായി ഈ ആവശ്യവുമായി സമരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ശേഷം വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന സംഭരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നത് പോയിട്ട് ഉള്ളതുതന്നെ ഇല്ലാതാക്കി സംഭരണം തന്നെ അട്ടിമറിച്ചു. അതോടെ നാളികേര വിപണിയില്‍ വില കുത്തനെ താഴോട്ട് വന്നു. മൂന്ന് വര്‍ഷത്തോളമായി കേരളത്തില്‍ പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട്. ഒട്ടേറെ മുറവിളികളുണ്ടായിട്ടും നാളികേര വില ഇരുപത് രൂപയിലേക്ക് താഴ്ന്നിട്ടും ഇടത്‌സര്‍ക്കാര്‍ കനിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ ഇപ്പോഴിതാ മുഖംമിനുക്കുന്നതിന്റെ ഭാഗമായി സംഭരണത്തിന് തയ്യാറെടുത്തിരിക്കുന്നു. സംഭരണോദ്ഘാടനം കെങ്കേമമായി നടത്തിയിട്ടും ഇന്നും സംഭരണമാരംഭിച്ചിട്ടില്ല. ആരെ ബോധ്യപ്പെടുത്താനാണ് സംഭരണ പ്രഖ്യാപനമെന്നതാണ് പ്രശ്‌നം. സംഭരണ കേന്ദ്രങ്ങളേതെന്ന്‌പോലും നിശ്ചയിച്ചിട്ടില്ല. സംഭരണവില കുത്തനെ താഴ്ത്തി 27 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ നാളികേരമുത്പാദിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍പോലും ആധികാരികമായി കിട്ടിയ വിവരമനുസരിച്ച് 9 സംഭരണ കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂ. കോഴിക്കോട് ജില്ലയിലും വിരലിലെണ്ണാവുന്ന സംഭരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതുതന്നെ സംഭരണത്തിന് വേണ്ട സംവിധാനങ്ങളോ സംഭരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളോ ഇതുവരെ എവിടെയും ലഭ്യമായിട്ടില്ല. ഇത് ആര്‍ക്ക് വേണ്ടിയാണ്. ഇത് കര്‍ഷകരെ രക്ഷിക്കാനല്ല, മറിച്ച് കൃഷിമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണ്. കുത്തകകളെയും വന്‍ വ്യവസായികളെയും മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ് ഈ സംഭരണക്കളി. 2008ല്‍ ഒരു നാളികേരത്തിന് 4.10 രൂപക്ക് സംഭരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനം 450 രൂപയും തെങ്ങ്കയറ്റത്തൊഴിലാളികളുടെ വേതനം തെങ്ങൊന്നിന് 20 രൂപയും പൊളിക്കൂലി 60 പൈസയുമായിരുന്നു. 2016ല്‍ അത് 600ഉം 30ഉം 75 പൈസയുമായി ഉയര്‍ന്നു. അന്ന് സംഭരണവില കിലോക്ക് 14 രൂപയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് 38 രൂപ വരെയെത്തി. പൊതുമാര്‍ക്കറ്റില്‍ 45ഉം 50 ഉം രൂപക്ക് വരെ വില്‍പന നടന്നു. 2019ല്‍ കര്‍ഷകത്തൊഴിലാളിയുടെ വേതനം 800 രൂപയും തെങ്ങുകയറ്റത്തൊഴിലാളിയുടെ വേതനം 40 രൂപയും പൊളിക്കൂലി ഒരു രൂപയില്‍ കൂടുതലുമായി വര്‍ധിച്ചു. കൂട്ടത്തില്‍ വളം, കീടനാശിനി എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. ഒരു കിലോ നാളികേരത്തിന് 40 രൂപ കിട്ടിയാല്‍പോലും കര്‍ഷകന് മുതലാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. അപ്പോഴാണ് 27 രൂപ എന്നത് മതിയായ വിലയാണ് എന്ന കൃഷിമന്ത്രിയുടെ പ്രസ്താവന. ഇത് കര്‍ഷകരെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്. ഈ അനീതിക്കെതിരെ കേരളത്തിലെ നാളികേരകര്‍ഷകര്‍ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. നാളികേര സംഭരണവില 36 രൂപയെങ്കിലുമാക്കി ഉയര്‍ത്തുക, മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക. നാളികേര ഉത്പാദനസംഘങ്ങളെ സംഭരണ ഏജന്‍സികളാക്കുക, സംഭരണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സ്വതന്ത്ര കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണ്ണയും നടത്തും.