columns
വ്യക്തിത്വ വികാസവും സൗന്ദര്യബോധവും
ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്
പ്രൊഫ. പി.കെ.കെ. തങ്ങള്‍
ആധുനിക കാലഘട്ടത്തില്‍ നാഴികക്കു നാല്പതുവട്ടം പ്രയോഗിക്കുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രയോഗമാണ് വ്യക്തിത്വ വികാസം എന്നത്. അടുത്ത ഒരു കാലഘട്ടംവരെ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട സാങ്കേതിക വിഷയമാണിത്. ഒരാള്‍ കാഴ്ചയില്‍ നല്ല ആകാരസൗഷ്ടവവും അതിനൊത്ത വേഷവിധാനങ്ങളുമാണെങ്കില്‍ ആ വ്യക്തിയെപ്പറ്റി ആളുകള്‍ പറഞ്ഞിരുന്നത് ‘അയാള്‍ ഉഗ്രന്‍ പേഴ്സണാലിറ്റി’ (വല്ലാത്ത വ്യക്തിത്വത്തിനുടമ) യാണെന്നായിരുന്നു. അത്തരരഭരു ധാരണക്ക് ചെറിയൊരു അടിസ്ഥാനവുമുണ്ടായിരുന്നു. മുന്കാലങ്ങള് ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ ഉന്നത പദവികളില്‍ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ എഴുത്തുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയോടൊപ്പം ‘പേഴ്സണാലിറ്റി’ ടെസ്റ്റ് എന്ന കടമ്പ കൂടിയുണ്ടായിരുന്നു. വ്യക്തികളുടെ ബാഹ്യഘടനയും നടപ്പും വെടിപ്പും ഊര്‍ജ്ജവും ഉണര്‍വുമൊക്കെ പരിശോധിക്കപ്പെടുന്ന ഒരു രീതിയാണിത്. അക്കാരണത്താല്‍തന്നെ മെലിഞ്ഞവനും കുറിയവനുമൊന്നും അതിന് പറ്റില്ലെന്ന ധാരണയുമുണ്ടായിരുന്നു. അടുത്ത കാലത്താണ് ഈ വികല വ്യാഖ്യാനത്തിന് മാറ്റം സംഭവിച്ചത്. മനസ്സും ബുദ്ധിയും നാവുമാണ് വ്യക്തിത്വത്തിന്റെ ഘടകങ്ങളെന്നും അവയൊന്നും പ്രാപ്തമല്ലെങ്കില്‍ മറ്റെന്ത് തിളക്കങ്ങള്‍ ഒരാളിലുണ്ടെങ്കിലും അവ മാത്രം ഒന്നുമല്ലെന്ന തിരിച്ചറിവ് സമൂഹത്തിലുടലെടുത്തു. പ്രപഞ്ചത്തില്‍ നിലനില്ക്കുന്നതില് ഏറ്റവും മുഖ്യമായ സത്ത മനുഷ്യന് തന്നെയാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും ശക്തിക്കും മുന്നേറ്റത്തിനും ഉതകുന്ന സര്‍ഗശേഷികളും ശാരീരിക പാകതയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണല്ലോ, മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യന്റെ രൂപപ്പെടുത്തല്‍ (ഡിസൈനിങ്) നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ഈ വസ്തുത, ശരിയായി തിരിച്ചറിയപ്പെട്ടതിന്റെ തെളിവായി കാണാന്‍ കഴിയുന്ന വസ്തുതയാണ്, എഴുത്തും വായനയും അധ്യയനവും അധ്യാപനവും പരീക്ഷയുമായി ‘വിദ്യാഭ്യാസ വകുപ്പ്’ നിലനിന്നിടത്തുനിന്ന്, അത് മനുഷ്യന്റെ പൂര്‍ണ്ണസത്തയുടെ സങ്കേതമെന്ന നിലിയില്‍ ‘മനുഷ്യവിഭവശേഷി വകുപ്പ്’ എന്നാക്കി മാറ്റിയതിലുള്ള പരിവര്‍ത്തനം.
തിരിച്ചറിവും കണ്ടെത്തലുകളുമാണല്ലോ നാഗരിക മനുഷ്യന്റെ ഗുണകരമായ മുന്നേറ്റത്തിന്റെ അടിത്തറ. അത്തരം ശക്തമായ അടിത്തറയില്‍നിന്നാണ് വളര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിച്ചേരുന്നത്. ആ പ്രക്രിയ കൊടിപിടിച്ച് കൂട്ടംകൂടി മുദ്രാവാക്യം വിളിച്ച് ആയിരങ്ങളോ ലക്ഷങ്ങളോ പ്രകടനം നടത്തിയാല്‍ സാധിതമാകുന്നതല്ല മറിച്ച് ഓരോ വ്യക്തിയും സ്വന്തമായി ആര്‍ജ്ജിച്ചെടുക്കേണ്ടതും വളര്‍ത്തിക്കൊണ്ടുവരേണ്ടതുമാണ്. അതിനാവശ്യമായ അടിത്തറയും വിത്തും വളവും വെള്ളവും വെളിച്ചവും ലഭ്യമാക്കേണ്ടത് രക്ഷിതാക്കളില്‍ നിന്നും. വളര്‍ന്നുവരുന്നതിനനുസരിച്ച്, സമൂഹത്തിലേക്കിറങ്ങിച്ചെന്ന്, വലിയ ഒരു സമൂഹത്തില്‍ സ്വന്തം ‘മിടുക്കിലൂടെ നിലനില്പ്’ (സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ്) ഭദ്രമാക്കേണ്ടവനാണ് മനുഷ്യന്. അതിന്റെ വിളനിലമെന്ന നിലയില്‍ പാകപ്പെടുത്തികൊണ്ടുവരേണ്ടത് മനസ്സിനെയാണ്. മനസ്സിനെ നേരെയും ഉറപ്പിച്ചും നിര്‍ത്താനുള്ള ശേഷി, ഗുണകരമായതും നേട്ടമുണ്ടാക്കുന്നതും മനസ്സിലാക്കി നേടിയെടുക്കാനുള്ള ആര്‍ജ്ജവം എന്നിവയായിരിക്കണം അടിസ്ഥാന മുടക്കുമുതല്‍.
നല്ലതിനെ (ഗുണകരമായവ) തെരഞ്ഞെടുക്കുക. അതിനായി ആദ്യം തിരിച്ചറിയുക. അതിനായി മനസ്സിനെ മുന്‍കൂട്ടി ഒരുക്കിനിര്‍ത്തുക. മനസ്സ് നേരത്തെ മലിനപ്പെട്ടിട്ടില്ലെങ്കില്‍ അഥവാ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍, വിധേയപ്പെട്ടിട്ടില്ലെങ്കില്‍, തുറന്ന, തെളിഞ്ഞ മനസ്സായിരിക്കുമല്ലോ. കറപുരളാത്ത മനസ്സുകള്‍ നല്ലതു കണ്ടാല്‍, കേട്ടാല്‍, അറിഞ്ഞാല്‍ അതില്‍ ആകൃഷ്ടരാകും. അപ്പോള്‍ മനസ്സിലുദിക്കുന്ന തെളിമയെയാണല്ലോ സന്തോഷം എന്ന് വിളിക്കുന്നത്. അതിനെതിരായിട്ടുള്ളത് കാണുമ്പോള്‍, അനുഭവിക്കുമ്പോള്‍ മനസ്സിലുറഞ്ഞുകൂടുന്നത് ഭീതിയും ആശങ്കയും നിരാശയുമൊക്കെയായിരിക്കും ആകാശത്തില്‍ മാരിവില്ലു കാണുമ്പോള്‍ മനസ്സില്‍ സന്തോഷം വിടരും. ഇരുണ്ട കാര്മേഘക്കൂട്ടങ്ങളെ കാണുമ്പോള്‍ മനസ്സ് വിഭ്രാന്തിപ്പെടും. അപ്രകാരംതന്നെ നിത്യജീവിതത്തില്‍ ഭംഗിയാര്‍ന്നതും ആകൃഷ്ടമായതും കാണുമ്പോള്‍, മധുരമാര്‍ന്ന സംഗീതം കേള്‍ക്കുമ്പോള്‍ മനസ്സ് സന്തോഷത്താല്‍ പുളകിതമാകും. അത്തരം സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മിടുക്കും അതിനനുസൃതമായ ഭാവനാശീലവും വളര്‍ത്തിക്കൊണ്ടുവരണം. അങ്ങനെ നന്മയാല് ആകൃഷ്മാകുന്ന സങ്കേതമായി മനസ്സിനെ നിലനിര്‍ത്തണം. ‘സൗന്ദര്യാസ്വാദനം’ (ഈസ്തറ്റിസം) എന്നത് മനസ്സിന്റെ സ്വഭാവമായിത്തീരണം ബാഹ്യമായ ആകര്‍ഷണത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന അത്യാകര്‍ഷണത്വവും അതിലൊളിഞ്ഞിരിക്കുന്ന അപകടസാധ്യതകളേയും വിവേകംകൊണ്ട് നേരിടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരുപാട് അനുകൂല സ്വഭാവങ്ങളും ആസ്വാദനരീതികളും വ്യക്തിസ്വരൂപവുമെല്ലാം ഉണ്ടെങ്കിലും അതോടൊപ്പം മനസ്സിന്റെ സ്ഥിരത, പ്രതികൂല സാഹചര്യങ്ങളെ അനുകൂലങ്ങളാക്കി മാറ്റാനുള്ള മിടുക്ക് എന്നിവ വ്യക്തിത്വത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. എന്തെങ്കിലും നിസ്സാര പ്രതികൂല കാര്യങ്ങള്‍ നേരിടുമ്പോഴേക്ക് ആകെത്തകര്‍ന്നുപോവുകയും മുഖം കുത്തിവീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല. കാര്യങ്ങളെയും കാരണങ്ങളെയും വകതിരിഞ്ഞു വിലയിരുത്താനും കൊള്ളേണ്ടതുകൊള്ളാനും തള്ളേണ്ടത് തള്ളാനുമുള്ള ത്രാണി വ്യക്തിത്വത്തിന്റെ പ്രധാനമായ മറ്റൊരു ഭാഗമാണ്. നല്ലത് കണ്ടെത്താനും ഉള്‍ക്കൊള്ളാനും ശീലമാക്കാനും ശീലിപ്പിക്കാനും തുറന്ന മനസ്സിനേ കഴിയൂ. ആരുടെയും മുഖത്ത് നോക്കാതെയും ചുണ്ടുതുറക്കാതെയും സംവദിക്കാതെയും പേശികടുപ്പിച്ചും പെരുമാറുന്ന പലരെയും കാണാന്‍ കഴിയും. മാതാപിതാക്കളെയോ ഭാര്യാ സന്താനങ്ങളെയോ സൗഹൃദപരമായ പുഞ്ചിരിയോടെ അഭിമുഖീകരിക്കാത്തവരെയും കാണാനാവും. ഏതു കടുത്ത പ്രതിസന്ധിഘട്ടത്തെയും ലളിതമായ പുഞ്ചിരികൊണ്ട് അലിയിച്ചില്ലാതാക്കാന്‍ സഹൃദയന് കഴിയും. കാഠിന്യത്തെ കാഠിന്യംകൊണ്ടും ഗൗരവത്തെ ഗൗരവും കൊണ്ടും പാരുഷ്യത്തെ പരുഷതകൊണ്ടുമല്ല നേരിടേണ്ടത്, മറിച്ച്; നബി തിരുമേനി പഠിപ്പിച്ച പ്രകാരം ‘ഒരു ചെറു പുഞ്ചിരികൊണ്ടെങ്കിലും’ അത്തരക്കാരെ സല്‍ക്കരിച്ച് ഉരുക്കി, മെരുക്കിയെടുക്കുകയാണ് വേണ്ടത്. മനസ്സുവെച്ചാല്‍ സാധിക്കുന്നതു മാത്രമാണിത്. പൊതുസമൂഹത്തെ പരക്കെ ബാധിച്ചിരിക്കുന്ന മാനസികാവസ്ഥ ‘ഞാന്‍ തെറ്റൊന്നും ചെയ്തില്ല, അവന് വേണമെങ്കില്‍ ഇങ്ങോട്ട് വരട്ടെ’യെന്ന അഹങ്കാരത്തിന്റെ ഭാവമാണ്. എന്തു കാരണവശാലാണെങ്കിലും രണ്ടാളുകള്‍ തമ്മില്‍ മൂന്ന് ദിവസത്തിലധികം മിണ്ടാതിരിക്കരുത്. ചെറു പിണക്കമുണ്ടായാല്‍ ‘ഇണക്കത്തിന് മുന്‍കൈയെടുക്കുന്നവനാണ് ഉത്തമന്’ എന്നും തിരുമേനി പഠിപ്പിക്കുകയുണ്ടായി. സമൂഹത്തില്‍ പുലരേണ്ട അനിവാര്യ വസ്തുതയാണിവിടെ വ്യക്തമാവുന്നത്.
ആകാശത്തും കടലിലും കരയിലും ശാന്തതയുടെയും സൗന്ദര്യത്തിന്റെയും അലയൊലികള്‍ കാണാന്‍ കഴിയും. കടലിന്റെ ശാന്തതയും ആകാശത്തിന്റെ നൈര്‍മ്മല്യവും ഭൂമിയുടെ താങ്ങും തണലും അനുഭവിക്കുന്നവരാണ് മനുഷ്യര്‍. അതേസമയം ഇവയെല്ലാറ്റിലും അതിനു വിപരീത അപകടവശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യന് ലഭ്യമായ വിശേഷബുദ്ധിയും ആര്‍ജ്ജിതപരിജ്ഞാനവും ഗുണവും ദോഷവും തിരിച്ചറിയാനും തെരഞ്ഞെടുക്കാനുമായി വിനിയോഗിച്ചു വിജയിക്കേണ്ടതാണ്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പ്രകാരം തിളങ്ങി കാണപ്പെടുന്ന എല്ലാം നല്ലതായിക്കൊള്ളണമെന്നില്ല. തിളക്കം മാത്രമല്ല സൗന്ദര്യം, അതിന്റെ സത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ സൗന്ദര്യബോധം എന്നത് നിറങ്ങളെയോ തിളക്കങ്ങളെയോ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല; അതിന്റെ ഫലങ്ങളെ (റിസള്‍ട്ട്) കൂടി കണക്കിലെടുത്താണ്. വ്യക്തിത്വമെന്നത് ഉയരവും വണ്ണവും നിറവും വേഷവും മാത്രമല്ലെന്നത്പോലെതന്നെ സൗന്ദര്യം (സൗന്ദര്യബോധം) എന്നത് മനുഷ്യന്റെ തൊലി നിറത്തെയോ രൂപത്തെയോ ചുറ്റുപാടുകളിലെ കൗതുകകരങ്ങളായ നിറങ്ങളെയോ ഈണങ്ങളെയോ ചലനങ്ങളെയോ, സ്പന്ദനങ്ങളെയോ മാത്രം പരാമര്‍ശിക്കുന്നതല്ല, നേരെമറിച്ച് ഇപ്പറഞ്ഞ സര്‍വതിന്റെയും ഒരു വ്യക്തിയുള്‍ക്കൊള്ളുന്ന സത്തയാണ്. മനുഷ്യനെന്നാല്‍ ഹൃദയമാണെന്ന ഭാഷ്യം എത്രമാത്രം അര്‍ത്ഥവത്താണോ അപ്രകാരം തന്നെയാണ് മനുഷ്യനെന്നാല്‍ അവന്റെ മുഖമാണെന്ന വസ്തുതയും. മുഖം താഴ്ത്തിയോ, മറച്ചുപിടിച്ചോ ഒഴിഞ്ഞുമാറിയോ പെരുമാറുന്നവരുടെ വ്യക്തിത്വം എവിടെയായിരിക്കും? അകത്തേക്കും പുറത്തേക്കും ഒന്നും പ്രകടിപ്പിക്കാതെ, എല്ലാം ഉള്ളിലൊതുക്കി ഞെരുക്കി ശ്വാസംമുട്ടിക്കഴിയുന്ന അധോമുഖന്മാരുടെ (ഇന്‍ട്രോവര്‍ട്ട്) ഹൃദയത്തില്‍ എങ്ങനെയാണ് ലാളിത്യവും തെളിമയുമുണ്ടാവുക? സഹജീവിതത്തിന്റെ അടിസ്ഥാനമായ കരുത്ത് സഹൃദയത്വമാണെന്ന് തിരിച്ചറിയണം മനസ്സിന്റെ സ്വഭാവം ഇളകിമറിയുന്നതാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ, അതിനെ ശാന്തവും സുന്ദരവും, ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തേണ്ടതാണ്. പുറംഭംഗി ‘കൊള്ളാ’മെന്ന് പറയാമെന്നല്ലാതെ മനസ്സിന്റെ ഭംഗിയാണ് യഥാര്‍ത്ഥ മൂലധനം പരമമായ യാഥാര്‍ത്ഥ്യമാണ് മനുഷ്യന് ഏതു വിഷയത്തിലും ഉള്‍ക്കൊള്ളേണ്ടത്. പൗഡറിട്ട് മിനുക്കുന്നതുകൊണ്ട് ആകര്‍ഷം കൂടിയേക്കാമെന്നല്ലാതെ, പൗഡറിടാത്ത മുഖമാണ് യാഥാര്‍ത്ഥ്യം, അതാണ് സംസ്കാരം (തനിമ). ഷേക്സ്പിയര് പറഞ്ഞപോലെ, ‘മുഖം സംസ്കാരവും പൗഡര്‍ പരിഷ്ക്കാരവുമാണ്. സംസ്ക്കാരത്തിനാണ് നിലനില്പുണ്ടാവുക, പരിഷ്ക്കാരം താല്ക്കാലികമോ നശ്വരമോ ആണ്, വന്നും പോയുമിരിക്കും.’ അതുകൊണ്ട് നാഗരികത പിന്‍പറ്റുമ്പോള്‍തന്നെ വ്യക്തിവികാസത്തിനും അതുമൂലം നേടാവുന്ന നേട്ടങ്ങള്‍ക്കും പ്രഥമ സ്ഥാനവും സൗന്ദര്യാംശത്തിന് അനുബന്ധ സ്ഥാനവും കല്പിക്കുക. സൗന്ദര്യബോധവും സൗന്ദര്യവത്കരണവും ദൈവത്തിനിഷ്ടമാണെന്നും സാക്ഷാല്‍ ദൈവം അഴകാണെന്നുമാണ് പ്രവാചകന് പഠിപ്പിച്ചിട്ടുള്ളത്. നല്ലതെല്ലാം സ്വീകരിച്ച് നല്ലവനും സ്വീകാര്യനുമാവുക ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്ന അവസ്ഥയിലേക്ക് ആരും സ്വയം താഴ്ത്തിക്കെട്ടാതിരിക്കുക.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world21 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

