കെ. കുട്ടി അഹമദ് കുട്ടി
വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍, ജനപ്രിയതയും കാര്യക്ഷമതയും ദീര്‍ഘകാല അനുഭവസമ്പത്തും ഭരണനിര്‍വഹണ പാടവവുമുള്ള സമുന്നത നേതാക്കളുടെ സുസംഘടിത നിരയായിരിക്കണം യു.ഡി.എഫിനെ നയിക്കേണ്ടത് എന്ന തീരുമാനമുണ്ടായി. ഈ തീരുമാനത്തിന്റെ ഭാഗമായി, ദീര്‍ഘകാലത്തെ പ്രായോഗിക രാഷ്ട്രീയ – സംഘാടക മികവും ഭരണനിര്‍വഹണ വൈദഗ്ധ്യവും തെളിയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ സേവനം യു.ഡി.എഫിന്റെ പുതിയ കളക്ടീവ് ലീഡര്‍ഷിപ്പിലേക്ക് വിട്ടുനല്‍കണമെന്ന ആലോചന യു.ഡി.എഫിലെ ഒരു ഘടകകക്ഷി എന്ന നിലയില്‍ മുസ്‌ലിംലീഗിലുണ്ടായി. ഈ സാഹചര്യത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനം മുസ്‌ലിംലീഗ് കൈക്കൊണ്ടത്.
ഇന്ന് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യുദ്ധത്തെ നയിക്കുന്നത് ഏതെങ്കിലുമൊരു ഏകഛത്രാധിപതിയല്ല. മറിച്ച്, പ്രതിഭയും പ്രാഗത്ഭ്യവുമുള്ള നേതാക്കന്മാരുടെ ഒരു കൂട്ടായ്മയാണ്. നേതാക്കന്മാരുടെ കൂട്ടു നേതൃത്വം എന്ന ജനാധിപത്യ യുദ്ധത്തിലെ പുതിയൊരു പരീക്ഷണമാണിത്. ഇത് യു.ഡി.എഫിന്റെ ജനകീയതയുടേയും സുതാര്യതയുടേയും ജനാധിപത്യത്തിന്റെയും പ്രതീകംകൂടിയാണ്.
ഇന്ന് ജനാധിപത്യത്തിനാവശ്യം ഏകഛത്രാധിപതിയുടേയും സര്‍സംഘചാലകരുടേയും ചുവപ്പിലും കാവിയിലും പൊതിഞ്ഞ ആജ്ഞകള്‍ അന്ധമായി നടപ്പാക്കുന്ന ചിന്താശൂന്യരായ ആള്‍ക്കൂട്ടങ്ങളെയല്ല. മറിച്ച്, താഴെ തട്ടുമുതല്‍ ഏറ്റവും മുകളിലത്തെ തട്ടില്‍ വരെയുള്ള പ്രവര്‍ത്തകരും നേതാക്കളും പരസ്പര ബഹുമാനത്തോടെ സംവാദങ്ങളും കൂടിയാലോചനകളും നടത്തി, വീണ്ടും പല തട്ടുകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയങ്ങള്‍ക്ക്‌ശേഷം ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദ്ദേശങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ ക്രോഡീകരിച്ച് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് നയത്തിന്റെ ഭാഗമാക്കുകയെന്ന ജനാധിപത്യപ്രക്രിയയാണ്.
യു.ഡി.എഫിന് പുതു നേതൃത്വം നല്‍കാന്‍ സര്‍വസൈന്യാധിപന്മാരുടെ പുതിയ കൂട്ടു നേതൃത്വത്തിലേക്ക് ഒരാള്‍ എന്ന നിലക്ക് മാത്രമാണ് പി.കെ കുഞ്ഞാലിക്കുട്ടിയെത്തുന്നത്. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഈ ജനാധിപത്യ യുദ്ധമുറയുടെ പ്രഹരശേഷിയെ ഭയക്കുന്നവരാണ്, മുസ്‌ലിംലീഗ് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വരുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുമാണ് എന്നൊക്കെയുള്ള കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത്. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത്‌നിന്ന് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഇത്തരം തീവ്ര-ഹിംസാത്മക വര്‍ഗീയ വിഴുപ്പുകള്‍ ചുമക്കുന്നവരായി കേരളത്തിലെ എല്‍.ഡി.എഫ് നേതാക്കള്‍ മാറിയിരിക്കുന്നു എന്നത് ഭയാനകമാണ്. കാവിയും ചുവപ്പും തമ്മിലുള്ള നിറഭേദം പോലും കുറഞ്ഞുകുറഞ്ഞു വരുന്ന ഈ അപകട സന്ധിയില്‍, ജനാധിപത്യവും നിയമവാഴ്ചയും സമാധാനവും മത സൗഹാര്‍ദ്ദവും പുലര്‍ന്നു കാണണമെന്നാഗ്രഹിക്കുന്ന കേരളീയ സമൂഹത്തിന്റെ ഏക പ്രത്യാശ യു.ഡി.എഫ് മാത്രമാണ്. യു.ഡി.എഫ് എന്ന കപ്പലിനെ നയിക്കുന്ന നാവികന്മാരില്‍ ഒരാള്‍ മാത്രമായ പി.കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇത്തരം നുണകളും പേടികളും പ്രചരിപ്പിക്കുന്നവര്‍, രാഷ്ട്രീയമായി സമനില തെറ്റിയവരാണ്. ഒരു ചെറുവഞ്ചി പോലും തുഴഞ്ഞ് കരയ്ക്കടുപ്പിക്കാന്‍ ശേഷിയില്ലാത്തവര്‍, ചുറുചുറുക്കുള്ള നാവികരെ പേടിക്കാതിരിക്കുന്നത് എങ്ങനെ?