Connect with us

Video Stories

നഷ്ടമായത് കരുത്തനായ സംഘാടകനെ

Published

on

 

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് മോന്‍ ഹാജി. ആദ്യകാലങ്ങളില്‍ മണ്ഡലം കമ്മിറ്റി സംവിധാനമായിരുന്നില്ല പാര്‍ട്ടി പിന്തുടര്‍ന്നത്. താലൂക്ക് കമ്മിറ്റികളായിരുന്നു. ആ കാലഘട്ടത്തില്‍ കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി മുഹമ്മദ് മോന്‍ ഹാജിയും സെക്രട്ടറിയായി ഞാനും ഏറെകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ ഇന്ന് വിവരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഗതാതഗത സംവിധാനങ്ങളോ മറ്റു അടിസ്ഥാന വികസനങ്ങളോ നഗരങ്ങളില്‍ പോലും ഇല്ലാത്ത കാലം. നാട്ടിന്‍പുറങ്ങളിലെ കാര്യമാണെങ്കില്‍ ദയനീയം. കാല്‍നടയായും ആരുടെയെങ്കിലും മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറിയും ഗ്രാമങ്ങളിലെത്തി രാഷ്ട്രീയം നടത്തുന്ന കാലം. പലപ്പോഴും കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളിലേക്ക് ജീപ്പിലായിരുന്നു സഞ്ചരിക്കാറ്. ദുരിതപര്‍വം താണ്ടിയുള്ള യാത്രകളായതിനാല്‍ യോഗം കഴിഞ്ഞ് അന്നവിടെ താമസിച്ച് അടുത്തദിവസം യാത്ര തിരിക്കുന്നതായിരുന്നു രീതി. കോഴിക്കോട് താലൂക്കിലും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ശരിയായ വിധത്തില്‍ അസ്ഥിവാരമിടുന്നതില്‍ മുഹമ്മദ് മോന്‍ ഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറഞ്ഞാല്‍ ആലങ്കാരികമാവില്ല. കര്‍മ്മ രംഗങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ച് വളര്‍ന്നൊരാളെന്ന നിലക്ക് ഞാനതിന് സാക്ഷിയാണ്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി വലിയൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മറ്റും മുക്കം യതീംഖാനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ നമുക്കത് മനസ്സിലാക്കിയെടുക്കാം. അതു മാത്രമല്ല എല്ലാ തലങ്ങളിലും അതു പ്രകടമായിരുന്നു.
ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരു സംഭവം മനസ്സിലേക്ക് കടന്നുവരുന്നത് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യുമായി ബന്ധപ്പെട്ടാണ്. ചാലിയാര്‍ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ സമരങ്ങള്‍ക്ക് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കുന്ന കാലം. ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട ഒരു ജോലിയില്‍ നിന്ന് എസ്.ടി.യുവിനെ നിഷ്‌കാസനം ചെയ്യാന്‍ മാനേജ്‌മെന്റ് മുന്നോട്ട്‌വന്നു. ഇതില്‍ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഞാനും മുഹമ്മദ് മോന്‍ ഹാജിയും രംഗത്തിറങ്ങി. ഒട്ടനവധി വഞ്ചിയിലായിരുന്നു സമരക്കാര്‍ പോയത്. പ്രക്ഷോഭത്തില്‍ ഞാനും മോയിമോന്‍ ഹാജിയും ഒരേ വഞ്ചിയിലാണ് സമര മുഖത്തേക്ക് പോയത്. എന്തു നീക്കങ്ങളും നേരിടാനും തയ്യാറായിരിക്കുന്ന പൊലീസ് കമ്പനിയുടെ സംരക്ഷണത്തിനായി ചാലിയാറിന്റെ തീരത്ത് വേലികെട്ടി നിലയുറപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ മതില്‍ കെട്ട് പോലെ ഉറച്ചു നിന്നു.
ജനിച്ച കാലം തൊട്ട് പുഴയുടെ എല്ലാം സ്പന്ദ നങ്ങളും മനസ്സിലാക്കി വളര്‍ന്ന സംഘത്തെ നേരിടാന്‍ പൊലീസിനും ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഞങ്ങളൊരു വലിയ സന്നാഹമായി ചാലിയാറിന്റെ ഓളപ്പരപ്പില്‍ നിറഞ്ഞുനിന്നു. അങ്ങേ കരയില്‍ വെടിവെക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന പൊലീസ് സേനയും. സാധാരണയില്‍ വെടിവെക്കുന്നതിനു മുമ്പ് പൊലീസിന്റെ മുന്നറിയിപ്പുണ്ടാകും. ആരും പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെയ്ക്കുന്നമെന്ന ഒരു ബാനര്‍ പൊലീസ് പൊക്കി. എന്നാല്‍ ചാലിയാറിന്റെ അങ്ങേ തലക്കല്‍ കമ്പനിക്കു വേണ്ടി പൊലീസ് അങ്ങനെയൊരു ബാനര്‍ ഉയര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഒരു തരിമ്പും ചോര്‍ന്നില്ല. അവര്‍ തോക്കുകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു. എന്നോടൊപ്പം വഞ്ചിയില്‍ മുഹമ്മദ് മോന്‍ ഹാജിയും നിന്നു എന്നത് ജീവിതത്തിന്റൈ പല ഘട്ടങ്ങളിലും ആവേശത്തോടെ ഓര്‍ക്കാറുണ്ട്.
മുഹമ്മദ് മോന്‍ ഹാജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും മറ്റു സാഹചര്യങ്ങളും നോക്കുമ്പോള്‍ ഒരിക്കലും അദ്ദേഹത്തിന് തൊഴിലാളി സമരങ്ങളെ പിന്തുണക്കേണ്ട നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹമൊരു തൊഴിലുടമയായിരുന്നെങ്കിലും കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിവന്ന വിവിധ തൊഴിലാളി സമരങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കി സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
മതപരമായ അദ്ദേഹത്തിന്റെ പരിജ്ഞാനവും പ്രസംഗങ്ങളില്‍ നിഴലിക്കാറുണ്ട്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചക ഉദ്ധരണികളും കൊണ്ട് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം. ആവേശകരമായ അവസ്ഥ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നര്‍മ്മങ്ങളും ചരിത്ര സംഭവങ്ങളും ആ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കും. ഹജ്ജ് കമ്മറ്റിയിലാണ് ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച മറ്റൊരു രംഗം. ഹജ്ജ് കമ്മിറ്റി മെമ്പര്‍ എന്ന നിലക്ക് വെറുതെയിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്തു പ്രശ്നങ്ങള്‍ വന്നാലും അദ്ദേഹത്തിന് കൃത്യമായൊരു കാഴ്ചപ്പാടും പരിഹരിക്കാനുള്ള നിര്‍ദ്ദേശ മാര്‍ഗങ്ങളുമുണ്ടായിരുന്നു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കുന്ന കാലമായിരുന്നു അത്. ഹജ്ജ് ക്യാമ്പ് തുടങ്ങിയാല്‍ അദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നില്ല. പോയാല്‍ തന്നെ സുബഹി നമസ്‌കാരത്തിന് ക്യാമ്പില്‍ തിരിച്ചെത്തുന്നതായിരുന്നു രീതി. ഹാജിമാര്‍ക്ക് സേവനമനുഷ്ഠിച്ചും അവരുടെ ജീവിത സാഹചര്യങ്ങളോട് കൂടുതല്‍ ഇടപഴകിയും കഴിയാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മുപ്പത്തഞ്ചു വര്‍ഷത്തെ ഞങ്ങളുടെ സ്നേഹ ബന്ധത്തിനിടയില്‍ നടന്ന അനേകം കാര്യങ്ങള്‍ അനുസ്മരിക്കാനുണ്ട്.
ജില്ലാ കൗണ്‍സില്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മുക്കത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. മുക്കത്തെ രാഷ്ട്രീയം എല്ലാ കാലത്തും സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു. അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുക്കം യതീംഖാനയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും പങ്കാളികളായിരുന്നെങ്കിലും മുഹമ്മദ് മോന്‍ ഹാജി യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചൊരാളായിരുന്നു. അനാഥാലയങ്ങള്‍ക്ക് സഊദി സര്‍ക്കാറിന്റെ സഹായങ്ങള്‍ ലഭിക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായാല്‍ അത് നീക്കാമായിരുന്നു. അതിനു വേണ്ടി അദ്ദേഹം ഡല്‍ഹിയില്‍ വന്നു. ഈ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയ ശേഷമേ പോരൂ എന്ന ഉറച്ച നിലപാടായിരുന്നു മുഹമ്മദ് മോന്‍ ഹാജിയുടെത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തത്. അദ്ദേഹവുമായുള്ള ദീര്‍ഘ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിച്ചു. സര്‍ക്കാര്‍ ഇറക്കേണ്ടിയിരുന്ന ഒരു ഉത്തരവ് വേഗം തന്നെ ഇറങ്ങി. അങ്ങനെ നിരവധി പേരുടെ ജീവിത വഴികളിലെ തടസ്സങ്ങള്‍ നീക്കാനും അവര്‍ക്കെല്ലാം വെളിച്ചമാകാനും അദ്ദേഹത്തിന് സാധിച്ചു. ആ കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ മാത്രം മതിയാവും നാഥന്റെ മുന്നിലേക്കുള്ള ഏറ്റവും നല്ല പാഥേയമായി എന്ന് ഞാനദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. ആ കര്‍മ്മങ്ങളൊക്കെ സ്വീകരിക്കപ്പെടാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തിരിച്ചു പറയും. ഇന്ത്യയിലെ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട പല സെമിനാറുകളിലും അദ്ദഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങളൊരുമിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദിയിലും ഉര്‍ദുവിലും സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അത് പരിചയത്തിന്റെ ആനുകൂല്യത്തില്‍ മനസ്സിലാക്കിയെടുക്കുന്ന ഉര്‍ദു ആയിരുന്നില്ല, നല്ല ക്ലാസിക് ഉര്‍ദുവിലാണ് അദ്ദേഹം സംസാരിക്കാറ്. ഒരു പക്ഷേ മലയാളത്തിലുള്ളതിനേക്കാള്‍ ഒഴുക്കില്‍ അദ്ദേഹം വാചാലനാവും ഉര്‍ദുവില്‍. തമിഴ് ഭാഷയിലും അദ്ദേഹത്തിനൊരു പ്രാവീണ്യമുണ്ടായിരുന്നു. ഒരിക്കല്‍ കാമരാജ് കേരളത്തില്‍ വന്നപ്പോള്‍ ശ്രോതാക്കള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ വെച്ച തര്‍ജ്ജമക്കാരനും മുഹമ്മദ് മോന്‍ ഹാജിയായിരുന്നു. പിന്നെ കേരളത്തിലെ എല്ലാ വേദികളിലും തര്‍ജ്ജമക്കായി മുഹമ്മദ് മോന്‍ ഹാജി തന്നെ വേണമെന്ന നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയുണ്ടായി കാമരാജിന്. എല്ലാവരോടും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കുട്ടികളോടും പ്രായമായവരോടും യുവാക്കളോടും അദ്ദേഹത്തിന് വേഗത്തില്‍ ഇണങ്ങാന്‍ സാധിച്ചു. ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചു. അവസാന സമയങ്ങളില്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ പ്രയാസം കണക്കിലെടുത്ത് ഫോണ്‍ കൊടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞെങ്കിലും നിര്‍ബന്ധംപിടിച്ച് മകളില്‍ നിന്ന് ഫോണ്‍ വാങ്ങി സുഖം പ്രാപിച്ചുവരുന്നതായി സംസാരിച്ചു. വിധിയെ ആര്‍ക്കും തടുക്കാനാകില്ല. എല്ലാ നിലക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ചെയ്ത ആ ജീവിതത്തിന്റെ വേര്‍പാടിലുള്ള വലിയ ദുഃഖം ഇവിടെ പങ്കു വെക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending