ഒരു യുഗമായിരുന്നു ലീഡര്‍ കെ കരുണാകരന്‍. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളില്‍ പ്രമുഖന്‍. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തി നിന്ന വ്യക്തിത്വം, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കിയ ഐക്യജാനാധിപത്യമുന്നണിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്‍. അത്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെയും, ആരാധകരെയും ഒരു പോലെ വിസ്മയിപ്പിച്ച രാഷ്ട്രീയ ചാണക്യന്‍, ലീഡറെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് ഹിമാലയത്തെക്കുറിച്ചോ, ഇന്ത്യാ സമുദ്രത്തെക്കുറിച്ചോ വിവരിക്കുന്നത് പോലെയാകും, പറഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയില്ല.
എന്റെ രാഷ്ട്രീയ ഗുരുവും, വഴികാട്ടിയും, ആശ്രയ കേന്ദ്രവുമായിരുന്നു ലീഡര്‍. ഞാനടക്കമുള്ള എത്രയോ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണയും. പിന്തുണയും നല്‍കാനും അവരെ പൊതു പ്രവര്‍ത്തനത്തില്‍ കൈപിടിച്ചുയര്‍ത്താനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാഷ്ട്രീയത്തിലും, പൊതുരംഗത്തും കഴിവുള്ള പുതിയ ആളുകള്‍ കടന്ന് വരണമെന്നും അവര്‍ക്ക് പരിഗണന നല്‍കി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കണമെന്നും എന്ന ദൃഡനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു.എന്നെയും, ജി. കാര്‍ത്തികേയനെയും, പന്തളം സുധാകരനെയും ആദ്യം നിയമസഭയിലെത്തിച്ചത് ലീഡറുടെ ഈ ഉറച്ച ബോധ്യം കൊണ്ടുമാത്രമായിരുന്നു. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്ര്സ്ഥാനത്തെ നയിക്കുന്ന പല പ്രമുഖ നേതാക്കളും അവരുടെ പൊതു പ്രവര്‍ത്തന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലീഡറുടെ സ്നേഹ വായ്പുകളും, പിന്തുണയും, മാര്‍ഗ നിര്‍ദേശവും ആവോളം ലഭിച്ചവരാണ്. 1986 ല്‍ എന്റെ 29ാമത്തെ വയസലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എന്നെ ഉള്‍പ്പെടുന്നത്. അദ്ദേഹത്തിന് കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവവമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയും തിരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്നതിലെ ചടുലതയും അടുത്ത് നിന്ന് കണ്ടു മനസിലാക്കാന്‍ കഴിഞ്ഞത് പിന്നീടുള്ള എന്റെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് വലിയ മുതല്‍ക്കൂട്ടായിമാറി.
രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം എന്നും ഒരു സര്‍വ്വകലാശാലയായിരുന്നു. ഇത്രയും കാര്യക്ഷമമായി മുന്നണി മന്ത്രി സഭകളെ നയിച്ച അപൂര്‍വ്വം ചില നേതാക്കളേ ഇന്ത്യയിലുണ്ടായിട്ടുള്ളു. രാജ്യം മുഴുവന്‍ കരുണാകരന്‍ രൂപം നല്‍കിയ മുന്നണി രാഷ്ട്രീയത്തെ പിന്നീട് അനുകരിക്കുകയായിരുന്നു. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റില്ലന്നാണ് എന്റെ അഭിപ്രായം. ഒരു ഭരണകര്‍ത്താവ് എങ്ങിനെയായിരിക്കണമെന്ന ചോദ്യം പല തലങ്ങളില്‍ പലപ്പോഴായി അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. തിരുമാനങ്ങള്‍ എടുക്കുന്നതിലും, അവ നടപ്പാക്കുന്നിതലും കാലതാമസം ഇല്ലാതിരിക്കുകയും, ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്നതുമായിരക്കണമെന്ന ദീര്‍ഘവീക്ഷണത്തോടെ അത്തരം തിരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നവരാണ് നല്ല ഭരണകര്‍ത്താക്കള്‍. അങ്ങിനെ വിലയിരുത്തുമ്പോള്‍ കെ കരുണാകരന്‍ ഇന്ത്യ കണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളണെന്ന് നിസംശയം പറയാം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതത്തില്‍ ഏറ്റവുമധികം മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. അദ്ദേഹത്തിന്റെ കാലത്താണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റുകളിലൂടെ ഏറ്റവുമധികം പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ കയറിയത്.
കേരളം കണ്ട കരുത്തനായ അഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. 70 കളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നക്സലിസവും മാവോയിസവും ജനങ്ങളുടെ സൈ്വര്യജീവിതത്തെ തകര്‍ത്തപ്പോള്‍ അവക്കെതിരെ കേരളത്തില്‍ ശക്തമായ നിലപാടെടുക്കുകയും കേരളത്തെ അത്തരം ആഭ്യന്തര ഭീഷണികളില്‍ നിന്ന് രക്ഷപെടുത്തി നിര്‍ത്തുകയും ചെയ്തത് കരുണാകരന്‍ എന്ന ശക്തനായ ആഭ്യന്തര മന്ത്രിയായിരുന്നു. അതിന് അദ്ദേഹം ഏറെ പഴി കേട്ടുവെന്നത് സത്യം. പക്ഷെ കേരളം ഇന്ന് ഛത്തീസ്ഗഡ് പോലെയോ, ഝാര്‍ഖണ്ഡ് പോലെയോ ആകാതിരുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ലീഡര്‍ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഉദ്യേഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കി അവരുടെ കഴിവുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്ന് പണം പിരിച്ച് ഒരു വിമാനത്താവളം നിര്‍മിക്കുക എന്നത് ഭ്രാന്തന്‍ ആശയമായിരുന്ന കാലഘട്ടത്തിലാണ് നെടുമ്പാശേരി വിമാനത്താവളം അദ്ദേഹം വിഭാവനം ചെയ്യുന്നത്. അന്നതിനെ പരിഹസിച്ചവര്‍ വിമാനം ഇറങ്ങില്ലന്ന് കളിയാക്കിയവര്‍, ഇറങ്ങുകയാണെങ്കില്‍ തങ്ങളുടെ നെഞ്ചത്ത് കൂടിയെ ഇറക്കൂവെന്ന് ഭീഷണിപ്പെടുത്തിയവര്‍, അതിനെതിരെ പ്രക്ഷോഭം നയിച്ചവരെല്ലാം പിന്നീട് അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലും മറ്റുമൊക്കെ കയറിപ്പറ്റാന്‍ തള്ളിക്കയറിയ കഥ നമുക്കറിയാം. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ കരുണാകരന്‍ യത്നിച്ചപ്പോഴും അതിനെ എതിര്‍ത്തവരുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, അവ ജനങ്ങള്‍ക്ക് ഉപയുക്തമാകുമെന്ന് വിശ്വാസമുണ്ടെങ്കില്‍ അതിനുവേണ്ടി ഏതറ്റം വരെ പോകാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കും അപവാദ പ്രചരണങ്ങള്‍ക്കും എതിര്‍ശബ്ദങ്ങള്‍ക്കും അദ്ദേഹത്തെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കേരളം കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും അതുകൊണ്ടാണ്.
ജനങ്ങളില്‍ നിന്ന് ഉയര്‍ന്നവന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ പള്‍സ് കൃത്യമായി അളക്കാനും അവരുടെ ആശയാഭിലാഷങ്ങള്‍ എന്താണെന്നത് മനസിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ഈ വിപുലമായ ജനപിന്തുണ കൊണ്ട് മാത്രമാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഇന്ന് കാണുന്ന ജനകീയ അടിത്തറയുണ്ടാക്കിയവരില്‍ പ്രമുഖനാണ് ലീഡര്‍. 1967 ല്‍ അന്ന് നിയമസഭയിലെ പ്രതിപക്ഷ നേതൃനിരയെ നയിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വന്ന ലീഡര്‍ അവസാനനാള്‍ വരെ കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു. ഇടക്കാലത്ത് അദ്ദേഹം പാര്‍ട്ടി വിട്ടുപോയ നിര്‍ഭാഗ്യകരമായ അവസ്ഥ വന്നുചേര്‍ന്നു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
കെ കരുണാകരനെപ്പോലുള്ള നേതാക്കള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസമാണ്. അത്തരം നേതാക്കള്‍ ചരിത്ര ഗതിയെ സ്വാധീനിക്കുകയും ചരിത്രം സൃഷ്ടിക്കുകയും അതുവഴി സ്വയം ചരിത്രമാവുകയും ചെയ്യും. കെ കരുണകരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു യുഗസൃഷ്ടാവായിരുന്നു. ഇനി ഇത്രയോ നൂറ്റാണ്ടുകള്‍ കഴിയുമ്പോഴാണ് കരുണാകരനെപ്പോലൊരു നേതാവ് ജന്മമെടുക്കുക.
അദ്ദേഹത്തിന്റെ ജന്‍മ്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. തിരുവനന്തപുരത്ത് കനക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 മണിക്ക് ശ്രീ എ കെ ആന്റണിയാണ് പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. കെ കരുണാകരന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകളും അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡുകളുമുള്‍പ്പെടെ നിരവധി പരിപാടികളാണ് ജന്‍മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ മഹാനായ പുത്രന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കട്ടെ…