Connect with us

kerala

കടലിൽ കൃത്രിമ വെളിച്ചത്തിൽ മീൻപിടിത്തം: ബോട്ട് പിടികൂടി

പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.

Published

on

ബേപ്പൂർ: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.

വിഴിഞ്ഞം സ്വദേശി എസ്.സേവ്യറിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ആന്റണി’ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.ഷൺമുഖന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.

രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണു പിടിച്ചെടുക്കുന്നത്. പിടികൂടിയ ബോട്ടിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.

മറൈൻ എൻഫോഴ്സ്മെന്റ് സീനിയർ സിപിഒമാരായ മനു തോമസ്, കെ.കെ.ഷാജി, റെസ്ക്യു ഗാർഡുമാരായ ജെ.എസ്.വിഘ്നേഷ്, എം.താജുദ്ദീൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

kerala

എഡിഎമ്മിന്റെ മരണം; അഭിഭാഷകനെ ഒഴിവാക്കി കുടുംബം

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം പറയുന്നു. ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചതെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറായിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് എഡിഎമ്മിന്റെ ഭാര്യ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റ്: പി.കെ ബഷീര്‍ എംഎല്‍എ

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

Published

on

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ബജറ്റ് സാധാരണക്കാരന് ഇരുട്ടടി: പിഎംഎ സലാം

Published

on

സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് ഈ നീക്കത്തിൽനിന്ന് വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് നിരാശാജനകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ വലഞ്ഞിട്ടും പൊതുകടം നാൽപതിനായിരം കോടിയായിട്ടും ധനസ്ഥിതി മെച്ചപ്പെട്ടു എന്ന കള്ളമാണ് ബജറ്റിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞത്. സാധാരണക്കാർക്ക് ഗുണപ്രഗദമാകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.
യാതൊരു ഫലവും സമ്മാനിക്കാത്ത നവകേരള സദസ്സിന്റെ ആർഭാടത്തിന് 500 കോടി അനുവദിച്ചത് ജനദ്രോഹ നടപടിയാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. ഇതേപ്പറ്റിയൊന്നും ബജറ്റ് പരാമർശിക്കുന്നില്ല.
ലോക കേരള സഭകളിൽനിന്ന് ലഭിച്ച നിർദേശങ്ങളിൽ ഒന്ന് പോലും പാലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമില്ല. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചോ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചോ ഒന്നും പറയുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ താങ്ങി നിർത്താനുള്ള യാതൊരു പദ്ധതികളും പറഞ്ഞിട്ടില്ല. തകർന്നടിഞ്ഞ് കിടക്കുന്ന ചെറുകിട വ്യാപാര മേഖല സർക്കാറിന്റെയോ ധനകാര്യ മന്ത്രിയുടെയോ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഫലത്തിൽ കേരള ജനതക്ക് യാതൊരു ഗുണവും നൽകാത്ത, നൈരാശ്യവും ദ്രോഹവും മാത്രം സമ്മാനിക്കുന്ന ബജറ്റാണിത്. പുതുതായി എന്തെങ്കിലും പ്രതീക്ഷകളെങ്കിലും പങ്കുവെക്കാൻ സാധാരണ ബജറ്റുകളിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഈ ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending