പിടിവിട്ട് ഇന്ധനവില; എണ്ണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എണ്ണവില വര്‍ദ്ധിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിഹാരം കാണാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.

വില നിയന്ത്രണം ചര്‍ച്ചചെയ്യാനായി രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

കേന്ദ്രവും എണ്ണ കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ ആഴ്ച എണ്ണവില ലിറ്ററിന് 2.50 രൂപ കുറച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി കമ്പനി മേധാവികളെ നേരില്‍ കാണാന്‍ ഒരുങ്ങുന്നത്.

ഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലും എണ്ണവില കുതിക്കുകയാണ്. ദല്‍ഹിയില്‍ ലിറ്ററിന് 82.72 ഉം , മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 8.18, 84.54 , 85.99 എന്നിങ്ങനെയാണ് ഞായറാഴ്ച്ചയിലെ പെട്രോള്‍ വില. ഡീസല്‍ വിലയും സമാനമായ വര്‍ദ്ധനവാണ് കാണിച്ചത്.