india

എത്യോപ്യ അഗ്നിപര്‍വത സ്‌ഫോടനത്തിലെ ചാരമേഘം ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക്; വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

By webdesk18

November 25, 2025

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട കട്ടിയുള്ള ചാരമേഘങ്ങള്‍ ഇന്ത്യ കടന്ന് ചൈനയിലേയ്ക്ക് നീങ്ങുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച എത്യോപ്യയിലെ അഫാര്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 14 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വളര്‍ച്ചയെത്തിച്ച വലിയ ചാരമേഘമാണ് രൂപപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയ ചാരമേഘം ഇന്ന് വൈകുന്നേരം 7.30ഓടെ ചൈനയിലേയ്ക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.

ചെങ്കടലിന് കുറുകെ കിഴക്കോട്ടും അറേബ്യന്‍ ഉപദ്വീപിലേയ്ക്കും പുകപടലം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റിന്റെ സ്വാധീനത്തില്‍ എത്യോപ്യയില്‍ നിന്ന് ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍, അറേബ്യന്‍ കടല്‍ എന്നിവ വഴിയിലൂടെ പുകപടലം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെത്തിയതായും വകുപ്പ് വ്യക്തമാക്കി.

ചാരമേഘം ഇന്ത്യയിലെ വ്യോമയാന സര്‍വീസുകളെയും ബാധിച്ചിരിക്കുകയാണ്. മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചാരമേഘം എത്തുമെന്നും മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.