kerala

ആശ വര്‍ക്കേഴ്‌സിന്റെ നിരാഹാര സമരം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

By webdesk17

March 29, 2025

ആശ വര്‍ക്കേഴ്‌സിന്റെ നിരാഹാര സമരത്തില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരുന്നത്. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് യുപിഎച്ച്‌സിയിലെ ആശാ വര്‍ക്കറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകല്‍ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കല്‍ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലില്‍ മാത്രമാണ് മുടി മുറിക്കല്‍ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.