kerala

സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

By sreenitha

January 16, 2026

തൃശ്ശൂര്‍: സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫ് (43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്.

സമീപത്തെ തോട്ടുപാലത്തില്‍ നിന്നു വീണതാകാമെന്ന സംശയമാണ് പ്രാഥമികമായി പൊലീസിന് ഉള്ളത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

2017-ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ കാല്‍പ്പാദം അറ്റുപോയ അഷ്‌റഫ് കാലുകള്‍ക്ക് പരിമിതിയുള്ളയാളായിരുന്നു. എന്നാല്‍ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സാഹസിക യാത്രകളോട് അതീവ പ്രണയം പുലര്‍ത്തിയിരുന്ന അദ്ദേഹം സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ശ്രദ്ധ നേടിയിരുന്നു.